കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈ അപ്പീൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് അംഗീകരിച്ചുകൊണ്ട് സിംഗിൾ ബഞ്ചിന്റെ വിധി റദ്ദാക്കി.

അതിനിടെ, നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചത്.

കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്നും ഭരണകക്ഷിയുടെ തന്നെ പൊലീസ് അന്വേഷിച്ചാൽ
പ്രതികൾ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം
ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. മാതാപിതാക്കളുടെ ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച്, ഷുഹൈബിന്റേത് ക്രൂരമായ രാഷ്ടീയ കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി 2018 മാർച്ച് ഏഴിന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

Kerala News Live Updates: പേരാമ്പ്രയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണം സിബിഐക്ക് വിട്ടത്. ഈ വിധിക്കെതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. സംസ്ഥാന പൊലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലോക്കൽ പൊലീസിൽനിന്ന് മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറാവൂവെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ ഈ വാദം കോടതി അംഗീകരിച്ചാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്.

കേസ് അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കേസ് ഡയറികളോ രേഖകളോ സിംഗിൾ ബഞ്ച് പരിശോധിച്ചില്ലെന്നും സിംഗിൾ ബഞ്ചിന്റെ ഉത്തരവ് നിലനിൽക്കില്ലെന്നും ഡിവിഷൻ ബഞ്ച് അറിയിച്ചു.

2018 ഫെബ്രുവരി 12 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook