scorecardresearch

വിദ്യാഭ്യാസ മന്ത്രിക്ക് കണക്ക് തെറ്റി; ജാതിയും മതവും രേഖപ്പെടുത്തിയ കുട്ടികളും കണക്കിൽ പെട്ടു

സർക്കാർ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് സ്‌കൂൾ അധികൃതർ

സർക്കാർ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് സ്‌കൂൾ അധികൃതർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
C Raveendranath, സി രവീന്ദ്രനാഥ്, SSLC Result

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കിൽ വലിയ പിശക് സംഭവിച്ചതായി റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ മറുപടി നൽകിയ ഒന്നേകാൽ ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾ എന്നത് തെറ്റായ കണക്കാണെന്നാണ് റിപ്പോർട്ട്. കണക്കിൽ പെട്ട വിദ്യാർത്ഥികളിൽ പലരും ജാതിയും മതവും രേഖപ്പെടുത്തിയവർ തന്നെയാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കുകൾ തെറ്റാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ അദ്ധ്യാപകർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ ആറ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇതോടെ രണ്ടായിരം പേരുടെയെങ്കിലും കുറവ് എണ്ണത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിലും ജാതിയും മതവും രേഖപ്പെടുത്തിയ കുട്ടികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് സർക്കാർ കണക്കിൽ വലിയ പിശക് സംഭവിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിൽ എത്തിയത്.

ഇന്നലെ ഡി.മുരളി എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ സംസ്ഥാനത്ത് 124147 വിദ്യാർത്ഥികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയാണ് ഈ വിവരം മന്ത്രി, എംഎൽഎയ്ക്ക് നൽകിയത്. അതേസമയം, വിദ്യാർത്ഥികളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയപ്പോൾ അദ്ധ്യാപകർക്ക് സംഭവിച്ച പിഴവാണിതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

Minister C Raveendranath Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: