കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിന് വീണ്ടും വിലക്ക്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളജിലെ പരിപാടിയിലാണ് മുഖ്യമന്ത്രി എത്തിയത്. കോളജ് അധികൃതരാണ് കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോളജ് പ്രിന്‍സിപ്പലാണ് നിര്‍ദേശം നല്‍കിയതെന്നാണ് വിദ്യാര്‍ഥികളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. കോളജിന്റെ തിരിച്ചറിയാല്‍ കാര്‍ഡുള്ളവരെ മാത്രമാണ് കോളജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. വസ്ത്രവുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും തങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, ബ്ലോക്ക് പ്രസിഡന്റ് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്.
നികുതി വര്‍ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയെത്തുന്ന ഇടങ്ങളിലെല്ലാം പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധവുമായി എത്തുന്നതോടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കെതിരായെ കരിങ്കൊടി പ്രതിഷേധത്തിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. “ചില ആളുകള്‍ കരിങ്കൊടിയുമായി ഒരു ആത്മഹത്യ സ്ക്വാഡ് പോലെ പ്രവര്‍ത്തിക്കുകയാണ്. വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുന്നവരെ എന്ത് ചെയ്യണം, ചാടാന്‍ അനുവദിക്കണോ,” എം വി ഗോവിന്ദന്‍ ചോദിച്ചു.