scorecardresearch
Latest News

കെ. കെ. ശൈലജ പുതിയമുഖത്തിൽ ഇല്ല, ലോകത്തിന് മുന്നിലെ കേരളത്തിന്റെ മുഖം

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളം കടന്നുപോയ പലവിധ ദുരന്തങ്ങളുണ്ടായി. ഇക്കാലത്തെല്ലാം ലോകം കേരളത്തിലേക്ക് നോക്കി. കേരളത്തെ പ്രത്യാശാപൂർവം ലോകം കണ്ട് രണ്ട് സന്ദർഭങ്ങളായിരുന്നു നിപയും കോവിഡും കടന്നാക്രമിച്ച കാലം. ആ കാലത്ത് കേരളത്തിന്റെ മുഖമായിരുന്നു കെ. കെ. ശൈലജ എന്ന ആരോഗ്യമന്ത്രി

പിണറായി മന്ത്രിസഭ പൂർണമായും  പുതുമുഖ നിര വന്നപ്പോൾ കേരളത്തിന്റെ മുഖമായി ലോകത്ത് അവതരിപ്പിക്കപ്പെട്ട കെ കെ. ശൈലജ  ഉൾപ്പടെ മത്സരിച്ച് ജയിച്ച മന്ത്രിമാരെല്ലാം ഒഴിവാക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർത്ഥിയാണ് ആരോഗ്യമന്ത്രിയായിരുന്ന കെ. കെ ശൈലജ. സിപി എമ്മിന്റെ ഉരുക്കുകോട്ടയായ മട്ടന്നൂരിൽ നിന്നായിരുന്നു കെ. കെ. ശൈലജയുടെ വിജയമെങ്കിലും ഭൂരിപക്ഷം ആരെയും ഞെട്ടിക്കുന്നതായിരുന്നു.  അതിനേക്കാൾ പലരിലും വലിയ ഞെട്ടലേൽപ്പിക്കുന്നതാണ് പുതിയ മന്ത്രിസഭയിൽ കെ. കെ. ശൈലജ ഇല്ലായെന്നുള്ളത്.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കെ. കെ. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് ചിലർ സോഷ്യൽ മീഡിയയിൽ ക്യാംപെയിൻ  നടത്തുകയും ചെയ്തിരുന്നു. 2018ലെ  നിപ വൈറസ് രോഗം കോഴിക്കോട് ഉണ്ടായപ്പോഴും 2020ലെ കോവിഡ്  ആദ്യകേസ് റിപ്പോർട്ട് ചെയ്തതു മുതൽ കേരളത്തിൽ പ്രവർത്തനനിരതയായി നിന്ന മന്ത്രിയാണ് കെ. കെ. ശൈലജ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളം കടന്നുപോയ പലവിധ ദുരന്തങ്ങളിലൂടെയയിരുന്നു. ഇക്കാലത്തെല്ലാം ലോകം കേരളത്തിലേക്കു നോക്കി. കേരളത്തിനെ പ്രത്യാശാപൂർവം ലോകം കണ്ട രണ്ടു സന്ദർഭങ്ങളായിരുന്നു നിപയും കോവിഡും കടന്നാക്രമിച്ച കഴിഞ്ഞ വർഷവും. ആ കാലത്ത് ലോകത്തിനു മുന്നിൽ  കേരളത്തിന്റെ മുഖമായിരുന്നു കെ. കെ. ശൈലജ എന്ന ആരോഗ്യമന്ത്രി.

ഈ രണ്ടു കാലത്തും കേരളത്തിലെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ആരോഗ്യവകുപ്പും തദ്ദേശ, റവന്യൂ വകുപ്പുകളുമൊക്കെ കൈകോർത്ത് നടത്തിയ പ്രവർത്തനം കേരളത്തിന് ഏറെ പ്രശംസ പിടിച്ചുപറ്റുന്നതിന് വഴിയൊരുക്കിയതാണ്. ഈ രണ്ട് നിർണായക ഘട്ടത്തിലും കേരളത്തിന്റെ മുഖമായി അടയാളപ്പെടുത്തിയത് കെ. കെ. ശൈലജ എന്ന ആരോഗ്യ മന്ത്രിയുടെ ഇടപെടലുകളായിരുന്നു.

Also Read: ഒന്നാമൂഴക്കാരാല്‍ സമ്പന്നം പിണറായിയുടെ രണ്ടാമൂഴം

കേരളത്തിലെ പുതിയ മന്ത്രിസഭാ നിരയിൽനിന്ന് കെ. കെ. ശൈലജയെ ഒഴിവാക്കിയതിനു സി പി എമ്മിന് എന്തൊക്കെ ന്യായങ്ങൾ നിരത്താനുണ്ടെങ്കിലും പൊതുസമൂഹത്തിൽ അതു നൽകുന്ന സന്ദേശം മറ്റൊന്നാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരായ പലരും ചൂണ്ടിക്കാണിക്കുന്നത്.

സോഷ്യൽ മീഡിയയുടെ കാലത്തെ രാഷ്ട്രീയ പ്രവർത്തനം അതില്ലാത്ത കാലത്തുനിന്നു വ്യത്യസ്തമാണെന്ന് അവർ നിരീക്ഷിക്കുന്നു.  കെ.കെ. ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്താനുള്ള തീരുമാനം പാർട്ടിക്ക്  സോഷ്യൽ മീഡിയാ ലോകത്ത് ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ. കാരണം ,സോഷ്യൽ മീഡിയ വഴി ഏറെ ശ്രദ്ധ നേടിയ മന്ത്രിയാണ് കെ. കെ.ശൈലജ. സോഷ്യൽ മീഡിയയിലെ ഇടപെടൽ യഥാർത്ഥ ലോകത്തും നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും അവിടെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് സി പി എം നിലപാട്.

കെ. കെ. ശൈലജ എന്നൊരു വ്യക്തിക്ക് മാത്രമായി രണ്ടാമൂഴം നൽകേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച സർക്കാർ തിരഞ്ഞെടുപ്പിൽ ജയിച്ചു. ആദ്യ മന്ത്രിസഭയിലും പലരും പുതുമുഖങ്ങളായിരുന്നു. ഈ മന്ത്രിസഭയിലും പുതുമുഖങ്ങളെ മുന്നോട്ടു കൊണ്ടുവന്നു.മുഖ്യമന്ത്രി അല്ലാതെ  മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ഒരാളും ഇത്തവണ സി പി എമ്മിൽ നിന്നോ സി പി ഐയിൽ നിന്നോ മന്ത്രിസഭയിൽ ഇല്ലെന്നും സി പി എം അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നു.

കെ. കെ, ശൈലജയെ മന്ത്രിയാക്കത്തതിലെ ദുഃഖം രേഖപ്പെടുത്തി ശശിതരൂർ എം പി രംഗത്തുവന്നിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ കെ. കെ. ശൈലജയെ അനുകൂലിച്ചും സിപി എം നിലപാടിനെ എതിർത്തും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് വരുംദിവസങ്ങളിൽ സിപി എമ്മിന് പ്രതിരോധിക്കാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്ന ഒന്നായി മാറിയേക്കും.

Also Read: ഒറ്റ മന്ത്രിമാർ ഇവർ; മാണിയുടെ പിൻഗാമി റോഷി, രണ്ടാമൂഴവുമായി കൃഷ്ണൻകുട്ടി

2006ൽ വി എസ് അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിനെതിരെയാണ് പ്രത്യക്ഷത്തിൽ സിപി എമ്മിനെതിരെ അണികൾ തെരുവിലിറങ്ങിയത്. അന്ന് അണികൾക്കൊപ്പം പൊതുജനങ്ങളും ഉണ്ടായിരുന്നു. അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സിപി എം എന്ന പാർട്ടിക്കും അണികളുടെ വികാരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പിന്നീട് പ്രാദേശികമായ ചില വികാര പ്രകടനങ്ങൾക്കു മുന്നിൽ പലപ്പോഴും പാർട്ടി നിലപാട് മാറ്റേണ്ടി വന്നു. അതിലെ അവസാനത്തെ സംഭവം ഇത്തവണ കോഴിക്കോട് കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നൽകിയതിനെതിരെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധമായിരുന്നു. അവസാനം പാർട്ടി അണികളുടെ നിലപാട് മാനിച്ച് അവിടെ സി പി എം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയായിരുന്നു.

എന്നാൽ, മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് എടുത്ത ഏകകണ്ഠമായ തീരുമാനമാണിതെന്നും സി പി എം നിലപാട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന എല്ലാ മന്ത്രിമാരുടെയും പ്രവർത്തനങ്ങളുടെ ഫലമാണ് ഇത്തവണത്തെ വിജയം. അതുകൊണ്ട് അത് ഏതെങ്കിലും ഒരു മന്ത്രിയുടെ മാത്രം ഫലമാണെന്ന് കരുതാനാവില്ല. സർക്കാരിന്റെ തുടർച്ചയാണിത്.  അത് മന്ത്രിമാരുടെ തുടർച്ചയല്ല. അതുകൊണ്ടാണ് മന്ത്രിമാരെ മാറ്റാൻ തീരുമാനിച്ചത്.

മന്ത്രിമാരായ ജി. സുധാകരനും ഇ പി ജയരാജനും തോമസ് ഐസക്കും ഉൾപ്പടെ 33 പേരെ മാറ്റിനിർത്തിയാണ് സി പി എം തിരഞ്ഞെടുപ്പിനിറങ്ങിയത്. രണ്ടു തവണ അടുപ്പിച്ച് ജയിച്ചവരെ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് തനിക്കും ബാധകമാണെന്ന് അതു സംബന്ധിച്ച് വിവാദമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.  അതിനു പിന്നാലെയാണ് പുതിയ മന്ത്രിസഭയിൽനിന്ന് മുൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും ഒഴിവാക്കാൻ സി പി എം തീരുമാനിച്ചത്.

എം എൽ എ മാരെ മാറ്റിയപ്പോഴും വിമർശനങ്ങളുണ്ടായി എന്നാൽ അവിടങ്ങളിൽ ഭൂരിപക്ഷം സ്ഥലത്തും സിപി എം സ്ഥാനാർത്ഥികൾ തന്നെയാണ് ജയിച്ചതെന്ന് സി  പി എം നേതാക്കൾ അവകാശപ്പെടുന്നു. മാത്രമല്ല, മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുന്നതിനാണ് മുഖ്യമന്ത്രിക്ക് ഒരു തവണ കൂടി നൽകുന്നത്. മറ്റ് മന്ത്രിമാരെയൊക്കെ മാറ്റി പുതിയ മന്ത്രിമാരെ നിയോഗിക്കുകയാണെന്നാണ് സിപി എം നിലപാട്. സ്ഥിരം മന്ത്രിമാരും സ്ഥിരം എം എൽ എ മാരും എന്ന നിലപാട് ഇല്ലെന്നും ഭരണരംഗത്തും സംഘടനാരംഗത്തും ഒരുപോലെ പ്രവർത്തനം കാഴ്ചവയ്ക്കേണ്ടതുണ്ടെന്നുമാണ് നിലപാടെന്നും സിപി എം നേതാക്കൾ അഭിപ്രായപ്പെടുന്നു. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: No berth for popular shailaja teacher in pinarayi vijayan new cabinet