കൊച്ചി: ദലിത് എന്ന വാക്ക് പ്രയോഗിക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന് ഉത്തരവിട്ടിട്ടില്ലെന്ന് കമ്മീഷന് ചെയര്മാന് റിട്ട. ജഡ്ജ് ഡോ. പി.എന്‍. വിജയകുമാര്‍. ദലിത് എന്ന പ്രയോഗം നിരോധിക്കാന്‍ സംസ്ഥാന പട്ടികജാതി കമ്മീഷന് ഉത്തരവിട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം.
വിദ്യാഭ്യാസ ആനുകൂല്യത്തിനര്ഹായവരുടെ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ദലിത് വിദ്യാര്‍ഥികള്‍ എന്ന് പ്രയോഗിക്കരുതെന്നും സര്‍ക്കാര്‍ ഇതു നിരോധിച്ചതാണെന്നും കാണിച്ച് ചില പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷനാണ് 2007 നവംബര്‍ 05ന് ദലിത് പ്രയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഭരണഘടനയുടെ 141, 142 വകുപ്പുകള്‍ പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സംരക്ഷിതവിഭാഗമായി കണക്കാക്കുന്നു. വിദ്യാഭ്യാസ ആനുകൂല്യം പോലുള്ള സര്‍ക്കാര്‍ ധനസഹായ പദ്ധതികളില്‍ പട്ടികജാതി, പട്ടികവര്‍ഗം എന്നതിനു പകരമായി ദലിത് എന്ന് പ്രയോഗിക്കരുതെന്നും ഭരണഘടനയില്‍ ഉപയോഗിച്ചിട്ടുള്ളത് പോലെ പ്രയോഗിക്കണമെന്നുമാണ് ദേശീയ കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളത്.
ഭാഷാപ്രയോഗങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാന കമ്മീഷന് അധികാരമില്ലെന്നും ചെയര്മാന് വ്യക്തമാക്കി. ദേശീയ പട്ടികജാതി കമ്മീഷന് ഈ ഉത്തരവിറക്കുന്ന സമയത്ത് സംസ്ഥാന പട്ടികജാതി കമ്മീഷന് രൂപീകരിച്ചിട്ടു പോലുമില്ല. ഭരണാഘടനാപരമായി പട്ടികജാതി പട്ടികവര്‍ഗം എന്നതിനു പകരമായി ദലിത് എന്നു പ്രയോഗിക്കരുതെന്ന് മാത്രമേ ദേശീയ കമ്മീഷന് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ചെയര്മാന് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 30 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ ബന്ധപ്പെട്ടവരുടെ വാദം കേട്ട ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.