തിരുവനന്തപുരം: കാട്ടാക്കടയില്‍ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സംഭവം നടന്ന് അഞ്ചു ദിവസം ആയിട്ടും പ്രതികളാരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം.
തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനനും മകൾ രേഷ്മയ്ക്കുമാണു കാട്ടാക്കട ഡിപ്പോയിൽ മർദനമേറ്റത്. കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം കൂടി ചുമത്തുകയായിരുന്നു. മര്‍ദനറ്റേ രേഷ്മയുടെ സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സംഭവത്തില്‍ നാല് കെ എസ് ആര്‍ ടി സി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. നില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി.
മകളുടെ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണു പ്രേമൻ കാട്ടാക്കട ഡിപ്പോയിലെത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണു പ്രേമൻ പറഞ്ഞത്. ഒരു ജീവനക്കാരന്‍ താനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് തന്നെ മര്‍ദിച്ചതായും പ്രേമൻ ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.