തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മി ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂവരുടേയും അറസ്റ്റിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടി വി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.

വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി.നായർക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ വീഡിയോ ചെയ്‌തതെന്ന് വിജയ് പി.നായർ സംഭവശേഷം പറഞ്ഞു.

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിജയ് പി നായരുടെ യൂടൂബ് ചാനൽ എടുത്തു കളഞ്ഞിരുന്നു.

സംഭവത്തിൽ പൊലീസിനു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഭാഗ്യലക്ഷ്മിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.