തിരുവനന്തപുരം: ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെയിംസ് മാത്യു എംഎല്‍എ. ആന്തൂര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എം.കെ.ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: പ്രവാസി വ്യവസായിയുടെ ഡയറി കണ്ടെത്തി; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് മാത്യു പറഞ്ഞു. “സിപിഎം സംസ്ഥാന സമിതിയില്‍ എം.വി.ഗോവിന്ദന് മാസ്റ്റര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ല.”-ജെയിംസ് മാത്യു പറഞ്ഞു.
സിപിഎമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളെയും ജെയിംസ് മാത്യു തള്ളി. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎമ്മിനകത്ത് ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിന് ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി ജെയിംസ് മാത്യു ആരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ തിരുത്തണമെന്നും ജെയിംസ് മാത്യു പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ആന്തൂര്‍ സംഭവം: എംവി ഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജെയിംസ് മാത്യൂ
ആന്തൂര്‍ വിഷയത്തില്‍ എം.വി.ഗോവിന്ദന് ഇടപെട്ടു എന്ന തരത്തില്‍ ജെയിംസ് മാത്യു എംഎല്‍എ വിമര്‍ശനം ഉന്നയിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയില്‍ ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് വിഭാഗീയത ഉണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷവും ഈ ആരോപണങ്ങള്‍ ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ജെയിംസ് മാത്യു എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.
ആന്തൂരിലെ പ്രശ്നം തീര്‍ക്കാനായി നിവേദനം നല്കി താന്‍ മന്ത്രിയെ കൊണ്ട് നടപടിയെടുപ്പിച്ചപോള് എംവി ഗോവിന്ദന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിച്ചെന്നും പ്രശ്നത്തില്‍ ഇടപ്പെട്ടെന്നും ജെയിംസ് മാത്യു ആരോപിച്ചു എന്നായിരുന്നു റിപ്പോർട്ട്.
അതേസമയം, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച പി ജയരാജന്റെ നടപടി ശരിയായില്ലെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രംസഗിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുവെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന ഫെയ്സ്ബുക്ക് പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.ജയരാജന് പി.ജെ എന്ന ചുരുക്കപ്പേര് മാറ്റണമെന്നും എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് പോസ്റ്റിട്ടിരുന്നു.