തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായാണ് രാസപരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് രാസപരിശോധനാ ഫലം. ശ്രീറാമിനെതിരെയുള്ള ശാസ്ത്രീയ തെളിവാണ് പൊലീസിന് ഇതോടെ നഷ്ടമായത്. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.
അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച നിലയിലായിരുന്നു എന്നും കാലുകള്‍ നിലത്തുറപ്പിക്കാന്‍ കഴിയാത്ത വിധമായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ശ്രീറാമിനെ മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, രാസപരിശോധനാ ഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചില്ല. അപകടം സംഭവിച്ച് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ പരിശോധിച്ചത്. ഇതാണ് മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ശ്രീറാമിന് കടുത്ത മാനസിക സമ്മർദം ഉണ്ടെന്നാണ് മെഡിക്കൽ ബോര്‍ഡിന്റെ വിശദീകരണം. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാനും നടപടി എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാര്യമായ ബാഹ്യ പരുക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരുക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്കാനിങ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. അടുത്ത മെഡിക്കൽ ബോർഡ് യോഗം ചേരും വരെ ഐസിയുവിൽ തുടരുമെന്നാണ് വിവരം.
Read Also: ഈ പൊലീസിനെ തിരുത്തുക തന്നെ വേണം; വടി താഴെ വയ്ക്കാതെ സിപിഐ
അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.