/indian-express-malayalam/media/media_files/uploads/2017/04/jishnu-mother.jpg)
ജിഷ്ണുവിന്റെ അമ്മ
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് നടത്തിയ അക്രമത്തിൽ നടപടിയില്ലെന്ന് സൂചന. അക്രമം നടത്തിയ പൊലീസുകാർക്കെതിരായി നടപടിയെടുത്ത ശേഷം ഡിജിപിയുമായി ചർച്ചയാകാമെന്നായിരുന്നു മഹിജയും ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നത്. നേരത്തെ കന്റോൺമെന്റ് അസിസ്റ്റ് കമ്മീഷണർക്കും മ്യൂസിയം എസ്ഐയ്ക്കും എതിരെ നടപടിയുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.എന്നാൽ ഐജി മനോജ് എബ്രാഹം പൊലീസിനെ ന്യായീകരിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഒഴിവായത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിലുള പ്രത്യേക സംഘം അന്വേഷിക്കും. രണ്ടാഴ്ചയ്ക്കുളളിൽ മുഴുവൻ പ്രതികളെയും പിടികൂടാനാണ് നിർദ്ദേശം. ഇതുവരെ അറസ്റ്റ് ചെയ്യാത്ത പ്രതികളെ മുഴുവൻ രണ്ടാഴ്ചയ്ക്കുളളിൽ പിടികൂടാനാണ് നിർദേശം. അതിനായി പൊലീസിന്റെ എല്ലാ സംവിധാനങ്ങളും വിനിയോഗിക്കും.
ഐജിയുടെ റിപ്പോർട്ടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മഹിജയോടും കുടുംബാംഗങ്ങളോടും പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ സമരക്കാരോട് ആക്രോശിച്ച മനോജ് എബ്രഹാം തന്നെ സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകുന്നതിലെ ധാർമ്മികതയും പ്രതിപക്ഷപാർട്ടികൾ ഉൾപ്പടെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ ഡിജിപി ഓഫീസിന് മുന്നിൽ സമരം ചെയ്യാനെത്തിയ മഹിജയെയും കുടുംബാംഗങ്ങളെയും പൊലീസ് മർദ്ദിച്ചിരുന്നു. തന്നെ ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് മഹിജ പറഞ്ഞിരുന്നു. സഹോദരൻ ശ്രീജിത്തിനും മർദ്ദനമേറ്റിരുന്നു. ഇരുവരും തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ നിരാഹാര സമരമാരംഭിച്ചിട്ടുണ്ട്. അതിനൊപ്പം ജിഷ്ണുവിന്റെ സഹോദരി അമ്മയ്ക്കൊപ്പം നിരാഹാര സമരം തുടങ്ങി. കോഴിക്കോട് വീട്ടിലാണ് മകൾ അവിഷ്ണ സമരം നടത്തുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, എൻ.എസ്.മാധവൻ, ബി.ആർ.പി.ഭാസ്കർ, ടി.എൻ.ജോയ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരായവർ രാഷ്ട്രീയഭേദമന്യേ പൊലീസ് നടപടിയെ അപലപിച്ചിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് പിന്തുണച്ചു. അതുകൊണ്ട് തന്നെ അന്വേഷണം നേർവഴിക്കായിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുളളവർ കുറ്റപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.