തിരുവനന്തപുരം: ശിക്ഷായിളവ് നൽകാൻ എൽ ഡി എഫ് സർക്കാർ ഗവർണർക്കു നൽകിയ പട്ടികയിൽ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ഉൾപ്പടെ കാപ്പകേസിൽ ഉൾപ്പെട്ട എട്ട് പ്രതികൾ ഇല്ലെന്ന് സൂചന. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണിത് വ്യക്തമാക്കിയത്. എന്നാൽ ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ഉണ്ടോയെന്ന കാര്യത്തിൽ ഓർമ്മയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമായും ഇത് ശിക്ഷാകാലവധി കഴിഞ്ഞ് വിടുകയല്ല, മറിച്ച് ശിക്ഷായിളവ് നൽകൽ മാത്രമാണെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമവകുപ്പിന് അറിവില്ലെന്ന് വ്യക്തമാവുകയാണ്. ഇതുസംബന്ധിച്ച ഫയൽ താൻ കണ്ടിട്ടില്ലെന്ന് നിയമസെക്രട്ടറി ബി ജി. ഹരീന്ദ്രനാഥ് ഓഫീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമാക്കി.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2,250 പേർക്ക് ശിക്ഷാ ഇളവ് നൽകാനായുളള ശുപാർശ ഗവർണർക്ക് നൽകിയിരുന്നു. അത് തിരികെ അയച്ചു. അതിനെ വീണ്ടും ജയിൽവകുപ്പിൽ നിന്നും വന്ന പട്ടികയിൽ നിന്നും ആളുകളുടെ കുറ്റകൃത്യം പരിശോധിച്ച് കുറവ് ചെയ്തിരുന്നു. ആ പട്ടികയും ഗവർണർ തിരിച്ച് അയച്ചു. അത് നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മന്ത്രിസഭ ഉപസമിതി ഈ പട്ടിക പരിശോധിച്ച് മന്ത്രിസഭയിൽ വച്ച ശേഷമായിരിക്കും ഇതിന്റെ മുകളിൽ കൂടുതൽ തീരുമാനമെടുക്കുയെന്ന് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഇപ്പോൾ വിവരാവകാശ പ്രകാരം വന്ന രേഖ ജയിൽ വകുപ്പിൽ നിന്നും ലഭിച്ചാതായിരിക്കാം അതായിരിക്കാം ഈ പട്ടികയിൽ ഈ പേരുകൾ വന്നത് അ ലിസ്റ്റിൽ നിന്നും ആളുകളെ ശിക്ഷായിളവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമം നടത്തിയവർ, “സ്ഥിരം കുറ്റവാളി” പട്ടികയിൽപ്പെട്ടവർ തുടങ്ങിയവരെയാണ് ഒഴിവാക്കിയിട്ടുളളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ പതിനൊന്ന് പേർ, കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം എന്നിവർക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിക്കാനുളളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വാർത്ത. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ആഭ്യന്തരവകുപ്പോ മന്ത്രിയോ തയ്യാറായില്ല. ഇരുന്പുമറയ്ക്കകത്ത് കാര്യങ്ങൾ നടത്തുന്ന സർക്കാർ നടപടികളാണ് വിഷയത്തെ വഷളാക്കിയതെന്ന് അഭിപ്രായമുളളവർ മുന്നണിയിലുണ്ട്.
മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിന് ചൂടു പിടിക്കുമ്പോഴാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ ഈ പട്ടിക പുറത്തുവന്നത്. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിൽ വിമുക്തരാക്കുന്നുവെന്ന് നേരത്തെ നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു.