ജെഎൻയു ക്യാംപസിലെ അക്രമ സംഭവങ്ങളിൽ​ പ്രതികരിച്ച് നിവിൻ​ പോളി. ജെഎൻയുവിൽ ഇന്നലെ രാത്രി സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്നു നിവിൻ പറഞ്ഞു. ഇത് ക്രൂരതയാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയ നിവിൻ അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ജെഎന്‍യു ക്യാംപസിനകത്ത് ഇന്നലെ വൈകീട്ടോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഇതില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: JNU Live News Updates: ജെഎന്‍യു അക്രമം: ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു

വിഷയത്തിൽ പ്രതികരണവുമായി മഞ്ജു വാര്യറും രംഗത്തെത്തിയിരുന്നു. ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് മഞ്ജു പറഞ്ഞു. ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. താനും കൂടെ നിൽക്കുന്നുവെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഘര്‍ഷത്തിലേക്ക് നയിച്ച ആദ്യ വാര്‍ത്ത പുറത്തുവന്നത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഹോസ്റ്റലിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അതേസമയം, അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സര്‍വകലാശാലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ജെഎന്‍യുവില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടത്തില്‍ അടക്കം കനത്ത പൊലീസ് കാവലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.