ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. കേരളത്തിന്‍റെ ദേശീയപാത വികസനം സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂല പ്രതികരണമായിരുന്നു അദ്ദേഹത്തിൽ നിന്നുണ്ടായതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു.

കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്കുളള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയായി തത്വത്തില്‍ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കേരളം ആവശ്യപ്പെട്ട 400 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇതില്‍ 180 കോടി രൂപ അടിയന്തിരമായി അനുവദിക്കുകയും ചെയ്തു. കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി മുതല്‍ ചെങ്ങള വരെയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയുമുളള റോഡിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം ഉടനെ ലഭ്യമാക്കും. 1000 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്. സപ്തംബറില്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും 2018 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് ബൈപാസ് (28 കീ.മീ) നാലുവരിയാക്കുന്ന പ്രവൃത്തിക്ക് അടുത്ത മാസം ടെണ്ടര്‍ വിളിക്കും. കാലിക്കടവ് മുതല്‍ മുഴുപ്പിലങ്ങാട് വരെ 64 കീ.മീ. പാതയുടെ രൂപരേഖ അടുത്ത ദിവസം അംഗീകരിച്ചിട്ടുണ്ട്. മഴ കൂടുതലുളള കേരളത്തില്‍ കോണ്‍ക്രീറ്റ് റോഡുകളാണ് അഭികാമ്യമെന്ന് ഗഡ്കരി മുഖ്യമന്ത്രിയോട് അഭിപ്രായപ്പെട്ടു. ചെലവ് കൂടുമെങ്കിലും കോണ്‍ക്രീറ്റ് റോഡുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കോണ്‍ക്രീറ്റ് റോഡിലേക്ക് മാറാന്‍ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.

കേരളത്തിലെ ദേശീയപാതകളുടെ വികസനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഗഡ്കരി ഉറപ്പുനല്‍കി. ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയാല്‍ കേന്ദ്ര സഹായം ലഭിക്കുന്നതിന് തടസ്സമോ കാലതാമസമോ ഉണ്ടാകില്ല. ഒരു പദ്ധതിക്കു വേണ്ട 60 ശതമാനം ഭൂമി ഏറ്റെടുത്തെങ്കിലേ ടെണ്ടര്‍ ക്ഷണിക്കാന്‍ കഴിയൂ. ദേശീയപാതയ്ക്കുളള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അതിന്‍റെ ചുമതല നല്‍കുമെന്നും അറിയിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള വഴിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മേല്‍പ്പാത നിര്‍മിക്കുന്ന പ്രവൃത്തി പ്രത്യേകമായി ചെയ്യാമെന്ന് ഉറപ്പു നല്‍കി. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പ് വേഗത്തില്‍ നടക്കുകയാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. 45 മീറ്ററില്‍തന്നെ ചില മേഖലകളില്‍ ആറുവരി റോഡ് പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.