ന്യൂഡൽഹി: ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗാണ് പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ മേഖലയിലും സ്കൂൾ വിദ്യാഭ്യാസ നിലവാരം പരിശോധിച്ച് തയാറാക്കിയ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശാണ് സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം.

ഇതാദ്യമായാണ് നീതി ആയോഗ് സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് (SEQI) തയാറാക്കി രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന നടത്തുന്നത്. അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തിന്റെ കരുത്തും ദൗർബല്യവും മനസിലാക്കുന്നതിനാണിത്. 30 മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പട്ടിക തയാറാക്കിയത്. രണ്ട് വിഭാഗങ്ങളായി സംസ്ഥാനങ്ങളെ തിരിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2015-2016 അധ്യായന വർഷത്തെയും 2016-2017 അധ്യായന വർഷത്തെയും കണക്കുകളും ഡറ്റയും വിലയിരുത്തിയിട്ടായിരുന്നു ഇൻഡക്സ് തയാറാക്കിയത്. 2015-2016 വർഷത്തിൽ 77.6 ശതമാനമായിരുന്ന കേരളത്തിന്റെ സ്കോർ അടുത്ത അധ്യായന വർഷത്തിൽ 82.2 ശതമാനത്തിലേക്ക് ഉയർന്നു. രാജസ്ഥാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തും കർണാടക മൂന്നാം സ്ഥാനത്തുമാണ്.

രാജ്യത്തിലെ സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തുന്ന കണക്കുകളാണ് സൂചിക നല്‍കുന്നത്. ഹരിയാന, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ എന്നാല്‍ 2016-17 കാലഘട്ടത്തിലെ റേറ്റിംഗില്‍ നിന്നും വളരെ മുന്നോട്ടുവന്നുവെന്ന് സൂചിക പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.