കൊച്ചി: ഒടുവിൽ നിതിന്റെ മരണവാർത്ത ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഇന്ന് രാവിലെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിൻ പോയ വിവരം അറിയിച്ചത്. നിതിനെ അവസാനമായി കാണണമെന്ന് ആതിര ആവശ്യപ്പെട്ടതിനെ തുടർന്ന് വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനുള്ള സൗകര്യം ഒരുക്കി.
മോര്‍ച്ചറിക്ക് സമീപത്ത് ആംബുലൻസ് എത്തിച്ചാണ് ആതിരക്ക് നിതിനെ കാണാൻ അവസരം ഒരുക്കിയത്. ആദ്യം നിതിന്റെ മൃതദേഹം കാണേണ്ടെന്ന് പറഞ്ഞെങ്കിലും, പിന്നീട് അവസാനമായി ഒരു നോക്ക് കണ്ടാൽ മതിയെന്ന് അറിയിക്കുകയായിരുന്നു ആതിര. ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം സൗകര്യം ഒരുക്കിയത്.
നിതിന്റെ മൃതദേഹം 12 മണിയോടെ പേരാമ്പ്ര മുയിപ്പോത്തെ വീട്ടിൽ എത്തിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മുൻകൂട്ടി തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ വീട്ടുവളപ്പിൽ പ്രവേശിപ്പിച്ചുള്ളൂ.
ഇന്ന് രാവിലെയാണ് നിതിൻ ചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചത്. എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയതിന് ശേഷം ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടു പോകുകയായിരുന്നു. ആദ്യം ആതിരയുടെ അടുത്തേക്കാണ് കൊണ്ടുപോയത്.
നിതിന്റെ ഭാര്യയായ ആതിര ചൊവ്വാഴ്ചയാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിന്റെ മരണ വിവരം ആതിരയെ അറിയിച്ചിരുന്നില്ല. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ മേയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിന്‍ ഗള്‍ഫില്‍ തുടരുകയായിരുന്നു.
Read More: ആതിര പ്രസവിച്ചു; അച്ഛനെ കാണാനാകാതെ നിതിന്റെ പൊന്നുമോൾ
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഗള്‍ഫില്‍ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിയേഴുകാരിയായ ആതിര സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വിമാന സർവീസ് വൈകിയാൽ തനിക്ക് പ്രസവത്തിനു നാട്ടിലെത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏഴുമാസം ഗർഭിണിയായ ആതിര സുപ്രീം കോടതിയെ സമീപിച്ചത്.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു നിതിനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായിലെ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിതിൻ. ജൂണ്‍ രണ്ടിനാണ് 28 വയസ് തികഞ്ഞത്.
മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന് നായരുടെയും ലതയുടെയും മകനാണ്. ദുബായിലെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തകനായ നിതിന്‍ ഇന്‍കാസ് യൂത്ത് വിങ്ങിന്റെയും സജീവ പ്രവര്‍ത്തകനാണ്. ബ്ലഡ് ഡൊണേഷന്‍ കേരള ദുബായ് വിങ്ങിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും കോര്‍ഡിനേറ്ററാണ്.
മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
നിതിൻ ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തന നിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം…
Posted by Pinarayi Vijayan on Wednesday, 10 June 2020
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: “പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.”