scorecardresearch
Latest News

കേരളം കുതിക്കുന്നു; നിസ്സാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിലേക്ക് 550 ടെക്കികൾ

തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇലക്ട്രിക് കാറുകൾ വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ ഹബ്ബ് ആരംഭിച്ചത്

കേരളം കുതിക്കുന്നു; നിസ്സാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിലേക്ക് 550 ടെക്കികൾ

തിരുവനന്തപുരം: പ്രമുഖ കാർ നിർമ്മാതാക്കളായ നിസാൻ മോട്ടോർ കോർപ്പേറേഷന്റെ  ഡിജിറ്റൽ ഹബ്ബിലേക്ക് മാർച്ചോടെ 550 ടെക്കികളെ നിയമിക്കും. ടെക്നോപാർക്കിലെ ഫേസ് മൂന്നിലെ യമുനയിൽ നാളെ വൈകിട്ട് നാലിന് ഹബ്ബിന്റെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ശശി തരൂർ എംപിയും ചടങ്ങിൽ പങ്കെടുക്കും.

ഇപ്പോൾ 350 ജീവനക്കാരാണ് ഡിജിറ്റൽ ഹബ്ബിന്റെ ഭാഗമായിട്ടുളളത്. ഇവരുടെ എണ്ണം മാർച്ച് മാസത്തോടെ 550 ആക്കി വർദ്ധിപ്പിക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യുരിറ്റി, ഡാറ്റ സയൻസ് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് കമ്പനി നിയമിക്കുക.

ഓട്ടോമേറ്റഡ് ഇലക്ട്രോണിക് വാഹനങ്ങൾക്കായുളള ഗവേഷണത്തിനായാണ് ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് സ്ഥാപിച്ചിരിക്കുന്നത്. റെനോൾട്ട്, മിത്സുബിഷി എന്നീ കമ്പനികളുടെ കൂടി സഹകരണം ഈ സ്ഥാപനത്തിൽ നിസ്സാനുണ്ട്. ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് തുറക്കുന്നത് വരെ ജീവനക്കാർ ഇൻഫോസിസിന്റെ ടെക്നോപാർക്കിലെ സ്പേസിലാണ് പ്രവർത്തിക്കുന്നത്.

“നവീനമായ ആശയസമ്പന്നതയുളള ആളുകളെ കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതൊരു ഗ്ലോബൽ സെന്ററിന്റെ ഉപകേന്ദ്രമല്ല, മറിച്ച് ഗ്ലോബൽ ടീം തന്നെയാണ്. 350 ഓളം പേരെ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.  സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, കൃത്രിമ ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്,” എന്ന് നിസ്സാൻ മോട്ടോർ   ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറും കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമായ ടോണി തോമസ് പറഞ്ഞു.

“ടെക്നോപാർക് ഫേസ് മൂന്നിലെ 25000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുളള സ്ഥലത്ത് 200 ലേറെ പേരെ ഉൾക്കൊളളാനാവും. കൂടുതൽ പേരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവും അധികം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുളള സെക്യുരിറ്റി ഓപ്പറേഷൻ സെന്റർ കേരളത്തിൽ സ്ഥാപിക്കുമെന്നും നിസ്സാൻ മോട്ടോർ സിഐഒ പറഞ്ഞു.

ഗ്ലോബൽ ഡിജിറ്റൽ രാജ്യത്തിനകത്തും പുറത്തു നിന്നുമുളളവരെ തങ്ങളുടെ പുതിയ സ്ഥാപനത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. “റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് പ്രധാനമായും രണ്ട് നേട്ടങ്ങളാണ് ഉളളത്. അവർക്ക് ട്രാഫിക് ബ്ലോക്കുകളിൽ സമയം നഷ്ടപ്പെടില്ല. ആരോഗ്യപരവും ശുദ്ധവുമായ അന്തരീക്ഷ വായുവും ലഭിക്കും. മറ്റ് നഗരങ്ങളിൽ രണ്ട് പാക്കറ്റ് സിഗരറ്റ് വലിക്കുന്ന അത്രയും മലിനവായുവുമാണ് ഉളളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എംപി ശശി തരൂർ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ജാപ്പനീസ് കമ്പനിയായ നിസ്സാൻ തങ്ങളുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് ആരംഭിച്ചത്.

Read More: ഡിജിറ്റൽ ഹബ്ബിന് വേണ്ടി നിസ്സാൻ കേരളം തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nissans global digital hub hiring 550 techie brains for new kerala facility