കൊച്ചി: ആഗോള വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കും. ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും.

ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങളുടെ ഗവേഷണവും സാങ്കേതിക വികസനവുമാണ് കേരളത്തിലെ ഹബ്ബിൽ യാഥാർത്ഥ്യമാക്കുക. നിസാന്‍, റെനോള്‍‌ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ-ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

വിവര സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാനുളള ശ്രമത്തിന്റെ മറ്റൊരു നാഴികക്കല്ലായാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. നേരത്തേ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ നിസ്സാൻ കമ്പനിയുടെ ജപ്പാനിലെ പ്ലാന്റ് സന്ദർശിച്ചിരുന്നു.

പിന്നീട് കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കമ്പനി രാജ്യത്തെ ആദ്യ പ്ലാന്റ് തിരുവനന്തപുരത്ത് യാഥാർത്ഥ്യമാക്കുന്നത്. നിസാന്റെ വരവ് സംസ്ഥാനത്തെ ഐടി അധിഷ്‌ഠിത വ്യവസായ വളര്‍ച്ചയ്‌ക്ക് വേഗം കൂട്ടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിനായുളള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.