തിരുവനന്തപുരം: നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബിന്റെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾക്കായുളള ധാരണാപത്രം കേരള സർക്കാരും നിസ്സാനും തമ്മിൽ ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും നിസ്സാൻ സിഐ​ഒ ടോണി തോമസ്സും ഉൾപ്പെടയുളളവർ പങ്കെടുത്ത ചടങ്ങിലായിരുന്നു ധാരണാപത്രം കൈമാറിയത്.

തിരുവനന്തപുരം നഗരാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ടെക്നോ സിറ്റിയിലാണ് നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബ് ആരംഭിക്കുന്നത്. ടെക്നോസിറ്റിയിലെ 30 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ധാരണാ പത്രമാണ് നിസ്സാനുമായി കേരള​സർക്കാർ ഒപ്പിട്ടത്.

nissan

സംസ്ഥാന സർക്കാർ ആറ് മാസം നിരന്തരം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് പിന്നിലെന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർക്കാരിൽ വിശ്വാസം അർപ്പിച്ച നിസ്സാന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. കേരളത്തെ ഡിജിറ്റൽ ഹബ്ബാക്കി മുന്നോട്ട് പോകാനുളള ശ്രമങ്ങളുടെ മറ്റൊരുഘട്ടമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത്. ഈ ഡിജിറ്റൽ ഹബ്ബിലൂടെ നിസ്സാൻ വളർന്ന് വികസിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിസ്സാൻ അഗോള ഡിജിറ്റൽ ഹബ്ബിന് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബിന്റെ വളർച്ചയിലൂടെ ഇതുമായി ബന്ധപ്പെട്ട് വികസനപ്രവർത്തനങ്ങൾ നടക്കും നിരവധി തൊഴിലവസരങ്ങൾ രൂപപ്പെടുകയും ചെയ്യുമെന്ന് പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിക്കുന്ന  നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബിന്റെ ലോഗോ പ്രകാശനം ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.