മലപ്പുറത്തിനെതിരായ വ്യാജ പ്രചരണങ്ങൾ നവമാധ്യമങ്ങളിലൂടെ പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലൊന്നാണ് മുസ്ലീങ്ങളല്ലാത്തവര്‍ക്ക് മല്പുറത്ത് ഭൂമി വാങ്ങാന്‍ സാധിക്കില്ലെന്നത്. ഈ വാദം ട്വിറ്ററിലൂടെ പ്രചരിപ്പിച്ച ഒരു സംഘപരിവാർ അനുുഭാവിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. മുസ്ലീങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു സോംനാഥ് എന്നയാള്‍ ട്വീറ്റ് ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞു കൊണ്ടുള്ള ശശിതരൂര്‍ എംപിയുടെ ട്വീറ്റിന് കീഴിലായിരുന്നു പരാമര്‍ശം.

ഇതിന് മറുപടിയായാണ് നിരുപമ റാവു രംഗത്തെത്തിയത്. ‘നിങ്ങള്‍ പറഞ്ഞത് പൂർണമായും നുണയാണ്, ഞാനൊരു മലപ്പുറം കാരിയാണ്, നൂറു വര്‍ഷത്തോളമായി എന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുമുണ്ട്. നിങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്’ നിരുപമ ട്വീറ്റ് ചെയ്തു.

കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് സംഘപരിവാര്‍ അനുഭാവികള്‍ നടത്തുന്നത്. കേരളത്തെ പാകിസ്ഥനെന്ന് പറഞ്ഞ ടൈംസ് നൗ ചാനലിന്റെ നടപടി ഏറെ വിവാദമായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ചാനലിന് പിന്നീട് മാപ്പ് പറയേണ്ടിയും വന്നു. കേരളത്തിനും മലപ്പുറത്തിനും എതിരായ സംഘപരിവാർ ആക്രമണത്തിലൊന്നാണ് മലപ്പുറത്ത് ഇതര മതസ്ഥര്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന വ്യാജ പ്രചരണവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ