തിരുവനന്തപുരം: തുലാഭാരത്തിനിടെ അപകടം പറ്റിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ കാണാന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല സീതാരാമനെത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിര്‍മ്മല സീതാരാമന് ആശുപത്രിയില്‍ ശശി തരൂരിനെ സന്ദര്‍ശിച്ചത്.
Read More: ദൈവത്തിന് നന്ദി, മറ്റാര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ: ശശി തരൂര്‍
നിര്‍മ്മല സീതാരാമന്റെ സന്ദര്‍ശനം തന്നെ ഏറെ സ്പര്‍ശിച്ചെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് തിരക്കിനിടയിലാണ് അവര്‍ ആശുപത്രിയില്‍ തന്നെ കാണാനെത്തിയതെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉപചാരങ്ങളും മര്യാദയും വിരളമായൊരു മൂല്യമാണ്, എന്നാല്‍ നിര്‍മ്മല സീതാരാമന് അവ പ്രാവര്‍ത്തികമാക്കുന്നത് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ കുറിച്ചു.
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics – great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ രാവിലെ തുലാഭാര നേര്‍ച്ച നടത്തുമ്പോഴാണ് തരൂരിന് പരിക്ക് പറ്റിയത്. തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീഴുകയായിരുന്നു. കൊളുത്ത് പൊട്ടി ത്രാസ് തരൂരിന്റെ തലയില്‍ വീണു. കുടുംബാഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിനൊപ്പം ഉണ്ടായിരുന്നു. രണ്ട് മുറിവുകളിലായി എട്ട് തുന്നലുകളുണ്ട്.
Read More: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്, തലയ്ക്ക് തുന്നലിട്ടു
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള എല്ലാവര്ക്കും ശശി തരൂര്‍ നന്ദി പറഞ്ഞു. തലയില്‍ എട്ട് തുന്നലുകളും 24 മണിക്കൂര്‍ ഹോസ്പിറ്റലില്‍ കഴിയണമെന്നതും ഒഴിച്ച് തനിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായതിനാല്‍ തരൂരിന് അപകടം സംഭവിച്ചതില്‍ ഗൂഢാലോചനുണ്ടെന്ന് ജില്ലാ കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തുലാഭാരം നടത്തുന്നതിനിടെ ശശി തരൂരിന് പരിക്കേറ്റത് പ്രവര്‍ത്തകരുടെ തെറ്റായ നടപടി കൊണ്ടാണെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ തുലാഭാരത്തട്ടിന്റെ ചങ്ങലയില്‍ തൂങ്ങിയതും ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇതാണ് ത്രാസിന്റെ ചങ്ങല പൊട്ടി അപകടത്തിലേക്ക് നയിച്ചത്.