തിരുവനന്തപുരം: ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. 29നും 30നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ പിന്തുണച്ചായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. നേരത്തേ, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനകം സ്വന്തം വാചകം വിഴുങ്ങി അദ്ദേഹം വീണ്ടും രംഗത്തെത്തി.
ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. നേരത്തേ, ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ണന്താനം പറഞ്ഞത്. സംസ്ഥാനത്തെ കേന്ദ്രം വിവരം അറിയിച്ചത് നവംബര്‍ 30നാണ്. കാറ്റിന്റെ ഗതിയെകുറിച്ച് അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നും കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം വടക്കന്‍ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു.