തിരുവനന്തപുരം: നിര്മ്മല്കൃഷണ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ നാട്ടുകാര്‍ പിടികൂടി. നിര്‍മ്മലിന്റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയതെന്ന് ‘ദീപിക’ റിപ്പോർട്ട് ചെയ്യുന്നു. നിര്‍മ്മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതില്‍ രണ്ടു പേരെ നേരത്തെ തമിഴ്നാട് പോലീസ് പിടികൂടിയിരുന്നു.
നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസുമാണ് കേസ് അന്വേഷിക്കുന്നത്. ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.
നിർമ്മൽ കൃഷ്ണ ബാങ്കിന്റെ ഉടമ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിനെ ചുമതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പെരുവഴിയിലായത്. പതിനായിരം രൂപ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവര്‍ ഇതിനകം പരാതിയുമായി എ ത്തിയിട്ടുണ്ട്. 13685 ഇടപാടുകാരുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കണക്ക്.
ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം നടത്തുന്നതില്‍ കുഴങ്ങിയിരിക്കുകയായിരുന്നു പൊലീസ്. പണം നഷ്ടപ്പെട്ടവരുടെ വിവര ശേഖരണം, ഉടമയുടെ ബിനാമി ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങള്‍ ഒളിവില്‍ കഴിയാനിടയുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് ഡിവൈ എസ്പി അനില്‍കുമാറിന് കിട്ടിയ നിര്‍ദ്ദേശം. അതിനിടെ ബിനാമി ഇടപാടുകാരില്‍ ചിലര്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ചിട്ടി കമ്ബനി ഉടമയടക്കം കേസിലുള്‍പ്പെട്ടവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതക്കെതിരെയും മുന്‍കരുതലുണ്ടെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.