തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് തിരുവനന്തപുരം ജില്ലയിലെ 23 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

നിർമ്മൽ കൃഷ്ണ ബാങ്കിന്റെ ഉടമ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിനെ ചുമതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പെരുവഴിയിലായത്. പതിനായിരം രൂപ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവര്‍ ഇതിനകം പരാതിയുമായി എ ത്തിയിട്ടുണ്ട്. 13685 ഇടപാടുകാരുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കണക്ക്.

ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം നടത്തുന്നതില്‍ കുഴങ്ങിയിരിക്കുകയായിരുന്നു പൊലീസ്. പണം നഷ്ടപ്പെട്ടവരുടെ വിവര ശേഖരണം, ഉടമയുടെ ബിനാമി ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങള്‍ ഒളിവില്‍ കഴിയാനിടയുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് ഡിവൈ എസ്പി അനില്‍കുമാറിന് കിട്ടിയ നിര്‍ദ്ദേശം. അതിനിടെ ബിനാമി ഇടപാടുകാരില്‍ ചിലര്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ചിട്ടി കമ്ബനി ഉടമയടക്കം കേസിലുള്‍പ്പെട്ടവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതക്കെതിരെയും മുന്‍കരുതലുണ്ടെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ