കുമരകം: ഏഷ്യാനെറ്റ് ന്യൂസ്, റിപ്പബ്ലിക് ടിവി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോർട്ട് കുമരകത്ത് ഭൂമി കൈയ്യേറിയത് റവന്യു വകുപ്പ് സ്ഥിരീകരിച്ചു. റിസോർട്ടിനായി കായൽ പുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവയിൽ ഉൾപ്പെടുന്ന ഭൂമി കൈയ്യേറുകയും 2008 ലെ നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചതായും സ്ഥിരീകരിച്ചു. ഇതോടെ റിസോർട്ട് കൈയ്യേറിയ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.വിഷ്ണുനമ്പൂതിരി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിസോർട്ടിന്റെ കോട്ടേജും മതിൽക്കെട്ടും അടങ്ങുന്ന ഭാഗം പൊളിച്ചുനീക്കാനാണ് നോട്ടീസ്. ഏതെങ്കിലും തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ ഈ കാലയളവിനുള്ളിൽ ബോധിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറി സമയം നൽകിയിട്ടുണ്ട്.

പഞ്ചായത്തീരാജ് നിയമപ്രകാരം കായൽ പുറമ്പോക്ക്, തോട് പുറമ്പോക്ക് കൈയ്യേറുകയും അനധികൃതമായി കൈവശം വയ്ക്കുകയും ചെയ്തതിന് റിസോർട്ടിൽ നിന്ന് പിഴ ഈടാക്കലും, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സർക്കാരിലേക്ക് വീണ്ടെടുക്കുന്നതിനും തീരുമാനിച്ചതായി നോട്ടീസിൽ പറയുന്നു.

നിരാമയ റിസോർട്ടിന്റെ റവന്യു രൂപരേഖ. ഈ രൂപരേഖയുടെ മധ്യഭാഗത്ത് ഇടവിട്ട് കാണുന്ന രേഖകളാണ് കൈയ്യേറ്റ ഭൂമിയെ സൂചിപ്പിക്കുന്നത്.

 

രണ്ട് ബ്ലോക്കുകളിലായി ആകെ ഏഴര സെന്റ് ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. ക്രിസ്റ്റൽ റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് റിസോർട്ടിനായി ഭൂമി വാങ്ങിയത്. പിന്നീട് 2011 ലാണ് റിസോർട്ടിന്റെ പേര് നിരാമയ എന്നാക്കി മാറ്റിയത്.

രാജീവു് ചന്ദ്രശേഖറിന്റെ നിരാമയ റിസോർട്ടിന്റെ ഭുമി റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് അളന്ന് തിരിച്ച് പഞ്ചായത്തിനെ ബോദ്ധ്യപെപ്പെടുത്തി. ഇതിലാണ് രണ്ട് ബ്ലോക്കുകളിലായുള്ള കൈയ്യേറ്റം വ്യക്തമായത്. ഈ ഏഴര സെന്റ് ഭൂമിയിൽ കെട്ടിടവും മതിലും ഉൾപ്പെട്ടിട്ടുള്ളതായാണ് റവന്യു വകുപ്പിൽ നിന്ന് ലഭിച്ച വിവരം. ഈ ഭാഗങ്ങൾ പൊളിച്ചുനീക്കാൻ റവന്യു വകുപ്പ് റിസോർട്ടിന് രേഖാമൂലം അറിയിപ്പ് നൽകും.

സർക്കാർ ഭൂമിയിൽ റിസോർട്ടിന്റെ ഭാഗമായ കോട്ടേജും മതിലും ഉൾപ്പെട്ടതായി റവന്യു വകുപ്പ് അധികൃതർക്ക് നേരിട്ട് ബോധ്യമായി. ഇതോടെ റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകാനാണ് ആലോചന. ഇതിനായുള്ള നടപടികളാണ് വില്ലേജ് ഓഫീസർ കൈക്കൊണ്ടത്.

അതേസമയം തങ്ങൾ സർക്കാർ പുറമ്പോക്ക് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് റിസോർട്ടിന്റെ സിഇഒ മനു റിഷി ഗുപ്ത ഐഇ മലയാളത്തോട് അവകാശപ്പെട്ടു. ഈ വിഷയത്തിൽ നിയമപരമായും ധാർമ്മികമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ