തിരുവനന്തപുരം: നിപ വൈറസിനെതിരെ ധീരതയോടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്. ഈ അവസരത്തിൽ ലിനിയെ ഓർക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വൈറസ് തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More: സിസ്റ്റർ ലിനിയ്ക്ക് കേന്ദ്ര സർക്കാരിന്റെ ആദരം

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ലിനി ഓർമ്മയായിട്ട് ഇന്ന് 2 വർഷം പൂർത്തിയാവുകയാണ്. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്.

തന്നെ വൈറസ് ബാധിച്ചത് തന്റെ തെറ്റ് അല്ലായിരിക്കാം, പക്ഷേ, തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് പൂർണമായും തന്റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാക്കാൻ ലിനിയുടെ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്. നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്.

ആത്മധൈര്യത്തോടെ പറയാൻ കഴിയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യും. പ്രിയ ലിനിക്ക് ആദരാഞ്ജലികൾ….

Read More: ഓർമ്മകൾക്ക് മരണമില്ല; മികച്ച നഴ്‌സ് പുരസ്‌കാരം ഇനി ലിനിയുടെ പേരിൽ

ലിനിയുടെ മരണം നിപ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട് സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനി ബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് മരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.