കോഴിക്കോട്: നിപ്പ വൈറസ് ബാധ മരണങ്ങളുടെ ഉറവിടം കിണറുകളിൽ കണ്ടെത്തിയ വവ്വാലുകളല്ലെന്ന് പരിശോധന റിപ്പോർട്ട്. ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. പരിശോധിച്ച നാല് സാംപിളുകളും നെഗറ്റീവാണ്. തിങ്കളാഴ്‌ച വീണ്ടും സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തും.
ചങ്ങോരത്തെ വീട്ടിലെ കിണറിൽ നിന്നുമാണ് വവ്വാലിന്റെ സാംപിൾ ശേഖരിച്ചത്. എന്നാൽ ഈ വവ്വാലുകളെ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കിണറുകളിൽ വസിക്കുന്ന വവ്വാലുകൾ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്നും അവ നിപ്പ വൈറസ് ബാധയ്ക്ക് കാരണക്കാരാകാൻ സാധ്യത കുറവാണെന്നും വവ്വാലിനെ കുറിച്ച് പഠിക്കുന്ന ഗവേഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
നിപ്പ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാകില്ലെന്ന് നേരത്തെ സ്ഥലത്തെത്തിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പും പറഞ്ഞിരുന്നു. ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ വവ്വാലുകളില്‍ നിന്നും നിപ്പ വൈറസ് പകരാന്‍ സാധ്യതയില്ലെന്നായിരുന്നു കേന്ദ്ര സംഘം അഭിപ്രായപ്പെട്ടത്.
ചങ്ങരോത്തു നിന്നും കണ്ടെത്തിയത് ചെറു പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളാണ്. എന്നാല്‍ പഴം കഴിക്കുന്ന വവ്വാലുകളില്‍ നിന്നും മാത്രമേ നിപ്പ പകരുകയുളളൂ.
പ്രദേശങ്ങളില്‍ നിന്നും പിടിച്ച വവ്വാലുകള്‍ക്ക് പുറമേ പന്നി, പശു, ആട് എന്നിവയുടെ സ്രവങ്ങള്‍ ഭോപ്പാലിലെ എന്‍ഐഎസ്എച്ച്എഡിയില്‍ പരിശോധിച്ചു. ഈ മൃഗങ്ങളില്‍ നിന്നൊന്നും വൈറസ് കണ്ടെത്തിയിട്ടില്ല.