കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണവിധേയമാക്കാനുകുമെന്ന് ആരോഗ്യമന്ത്രി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സംഘവും മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു.

അതേസമയം, നിപ്പാ വൈറസ് വായുവിലൂടേയും പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സംഘം പറഞ്ഞു. എന്നാല്‍ വൈറസിന് അധികദൂരം സഞ്ചരിക്കാനാകില്ല. വൈറസ് ബാധിച്ചതായി നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും സംഘം വ്യക്തമാക്കി.

9 പേര്‍ സമാന രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വിശദ പരിശോധനയ്ക്കായി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ പേരാമ്പ്രയിലെത്തും. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫോഴ്സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ചികിത്സ തേടി വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

”നിപ്പ വൈറസ് മൂലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഏതാനും പേര്‍ മരണപ്പെട്ട പ്രശ്‌നം സര്‍ക്കാര്‍ അതിവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് വൈറസ് ബാധ നേരിടുന്നതിനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.

മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചതില്‍ നാല് പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംശയമുളള മറ്റുളളവരുടെയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ