തിരുവനന്തപുരം: നിപ്പ രണ്ടാംഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി. സ്ഥിതി നിയന്ത്രണവിധേയമാണ്. എങ്കിലും ജൂൺ 30 വരെ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ഈ മാസം പതിനൊന്നോടെ രോഗവ്യാപനം തടയാനാകുമെന്നും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത. രണ്ടു ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണ് 12നേ തുറക്കൂ.

ഓസ്ട്രേലിയയിൽനിന്നും മോണോക്ലോണൽ ആന്റിബോഡി 102.4 മരുന്ന് കേരളത്തിൽ എത്തിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇവ രോഗികൾക്ക് നൽകിത്തുടങ്ങൂ. നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ നാളെ ഉച്ചയ്ക്കു ശേഷം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.

പഴംതീനി വവ്വാലുകളിലൊന്നും നിപ്പയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. ചങ്ങരോത്തുളള ജനകിക്കാട്ടിൽനിന്നു ശേഖരിച്ച പഴംതീനി വവ്വാലുകളിലെ സാംപിളുകൾ പരിശോധിച്ചപ്പോഴാണ് നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാതിരുന്നത്. ഭോപ്പാലിലെ അതിസുരക്ഷാ ലാബിലാണ് സാംപിളുകൾ പരിശോധിച്ചത്. നിപ്പ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ ഉറവിടത്തിനായി പഠനങ്ങൾ തുടരേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ