കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച ബിടെക് വിദ്യാർത്ഥി സാബിത്ത് മലേഷ്യയിൽ പോയിട്ടില്ലെന്ന് യാത്രാരേഖകൾ. സാബിത്ത് മലേഷ്യയിൽ പോയെന്ന തരത്തിലുളള വാർത്തകളും പ്രചാരണങ്ങളും ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ യാത്രാരേഖകൾ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവിട്ട പാസ്‌പോർട്ടിലെ രേഖകൾ പ്രകാരം സാബിത്ത് പോയത് യുഎഇയിലേക്ക് മാത്രമാണ്.

2017ല്‍ സാബിത്ത് യുഎഇയില്‍ പോയി എന്നത് മാത്രമാണ് പാസ്‌പോര്‍ട്ട് രേഖകളിലുള്ളത്. ജോലിയുടെ ആവശ്യത്തിനായി 2017 ഫെബ്രുവരിയിൽ ദുബായില്‍ പോയ സാബിത്ത് ഒക്ടോബറിൽ നാട്ടിൽ തിരിച്ചെത്തിയെന്നാണ് രേഖകളിലുളളത്. മറ്റേതെങ്കിലും രാജ്യത്തേക്ക് പോയതായി പാസ്‌പോർട്ട് രേഖയിലില്ല. സാബിത്തിന്റെ പാസ്‌പോര്‍ട്ട് ബന്ധുക്കള്‍ പൊലിസിന് കൈമാറും.

നിപ്പ ബാധിച്ച് മരിച്ച ആദ്യയാളാണ് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടില്‍ സാബിത്ത്. മരണത്തിനുപിന്നാലെ സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. വിദേശത്ത് പോയതിനാൽ രോഗം മറ്റേതെങ്കിലും രീതിയില്‍ പിടിപ്പെട്ടതാണോയെന്ന് പരിശോധിക്കുന്നതിനാണ് യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. സാബിത്തിന്റെ സഹോദരൻ മുഹമ്മദ് സാലിഹും പിതാവ് മൂസയും നിപ്പ ബാധിച്ച് മരിച്ചിരുന്നു.

അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം പ്രാണികളെ ഭക്ഷിക്കുന്ന വവ്വാൽ അല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 21 സാംപിളുകള്‍ പരിശോധിച്ചതില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. അതിനാൽ പഴംതീനി വവ്വാലുകളെയാണ് ഇനി മൃഗ സംരക്ഷണ വകുപ്പ് പരിശോധിക്കാൻ ഒരുങ്ങുന്നത്.

വൈറസ് ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. 26 പേർ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ