കോഴിക്കോട്: നിപ്പ വൈറസിനെ കുറിച്ച് സോഷ്യൽ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാല് പേരെ കൂടി ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നല്ലൂര്‍ സ്വദേശികളായ ബിവിജ്, നമേഷ്, വൈഷ്ണവ്, വില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിപ്പ വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്‌ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തിയിരുന്നു. നിപ്പ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്‌റ്റർ മുൻ ചെയർമാൻ സതീഷ് ബാബു അഭിപ്രായപ്പെട്ടു.

തുടക്കത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും വിവിധ സാങ്കേതിക വിദ്യകളുടെ ഏകോപനത്തിലൂടെ നിപ്പ വൈറസിനെപ്പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചതായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളോജിയയുടെ മൈക്രോ ബയോളജി വിഭാഗം മേധാവിയായ ഡോ.കവിത രാജു അറിയിച്ചു.

എന്നാൽ യൂട്യൂബിലൂടെയും, വാട്സ്ആപ്പിലൂടെയും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും ആവശ്യം ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.