/indian-express-malayalam/media/media_files/uploads/2018/05/Parvathy-Lini.jpg)
നിപ്പ വൈറസ് ബാധയേറ്റ രോഗികളെ പരിചരിച്ചതിന് പിന്നാലെ രോഗബാധിതയാകുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത നഴ്‌സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി പാര്‍വ്വതി. ഒപ്പം, ഈ അസുഖത്തെ തുടർന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍വ്വതി പറഞ്ഞു.
"സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികില്‍സിച്ചു അകാലത്തില്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു. ആ കുടുംബത്തിന്റെ വേദനയിലും ഇനി മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും ഈ നിമിഷത്തില്‍ ഓര്‍ക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു," പാര്‍വ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഭ്യന്തര യുദ്ധകാലത്ത് ഇറാഖിൽ അകപ്പെട്ട മലയാളി നഴ്സുമാരുടെ ജീവിതം പറഞ്ഞ ടേക്ക് ഓഫ് എന്ന ചിത്രത്തിൽ സമീറ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് പാർവ്വതിയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അംഗീകാരങ്ങളും പാർവ്വതിയെ തേടി എത്തിയിരുന്നു. ചിത്രത്തിനു ശേഷം നടന്ന നഴ്സുമാരുടെ സമരത്തിനും പാർവ്വതി പിന്തുണ അറിയിച്ചിരുന്നു.
നിപ്പ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ കുടുംബാംഗങ്ങളെ പരിചരിച്ചതിന് പിന്നാലെയാണ് ലിനിക്ക് അസുഖം ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ദിവസ വേതന ജീവനക്കാരിയായിരുന്നു ലിനി.
Read More: നഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യും- മന്ത്രി കെകെ ശൈലജ
ഏറെ കഷ്ടപ്പെട്ടും ലോണെടുത്ത് പഠിച്ചുമാണ് ലിനി നഴ്‌സിംഗ് എന്ന തൊഴില്‍ തെരഞ്ഞെടുത്തത്. സഹജീവികളോടുള്ള സ്‌നേഹം മാത്രമായിരുന്നു ഈ തൊഴില്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് ലിനിയുടെ ബന്ധുക്കള്‍ പറയുന്നു. ജനറല്‍ നഴ്‌സിംഗും ബംഗലൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ നിന്ന് ബി.എസ്.സി നഴ്സിംഗും ലിനി പൂര്‍ത്തിയാക്കിയിരുന്നു. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.