കേരളത്തെ പിടിച്ചുലയ്ക്കുന്ന നിപ്പ വൈറസ് ബാധയുടെ ആരോഗ്യ മേഖലയിൽ നിന്നുളള ആദ്യ രക്തസാക്ഷിക്ക് ആദരമർപ്പിച്ച് ലോക പ്രശസ്ത പ്രസിദ്ധീകരണമായ ‘ദി ഇക്കണോമിസ്റ്റ്.’  ലിനിയുടെ ദാരുണാന്ത്യത്തിന്‍റെ കഥ ലോകത്തോട് പറയുന്ന ഒറ്റ പേജ് ലേഖനത്തോടെയാണ് ​ഈ ആഴ്‌ചത്തെ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിപ്പ ബാധിച്ച് മരിച്ച രോഗിയെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ ദാരുണാന്ത്യത്തെ കുറിച്ചാണ് ‘ഇക്കണോമിസ്റ്റ്’ അവരുടെ ഒബിച്ച്വറി കോളത്തിൽ എഴുതിയിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തിൽ നിന്നുളള ഒരാളെ കുറിച്ച് ‘ഇക്കണോമിസ്റ്റിന്‍റെ’ ആദ്യ ഒബിച്ച്വറിയായിരിക്കും ഇത്.

the economist published article about nurse lini

‘ദ് ഇക്കണോമിസ്റ്റ്’ വാരികയിൽ ലിനിയെ കുറിച്ചുളള ഒബിച്ച്വറി പംക്തിയിൽ നിന്ന്

ലോക പ്രശസ്തമായ കോളമാണ് ‘ഇക്കണോമിസ്റ്റിന്‍റെ’ ഒരു പേജിൽ എഴുതുന്ന ഒബിച്ച്വറി കോളം, അത് അർഹിക്കുന്നവരെ മാത്രമേ ആ കോളത്തിൽ അടയാളപ്പെടുത്താറുളളൂ. ഇക്കണോമിസ്റ്റ് ആഴ്‌ചപതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുളള ഒബിച്ച്വറി കോളത്തിൽ​ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പുസ്തകമാക്കിയിട്ടുണ്ട്.

ലിനി മരണക്കിടക്കയിൽ കിടക്കുമ്പോൾ ഭർത്താവ് സജീഷിന് എഴുതിയ കത്തും അവരുടെ കോളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ട്രീറ്റിങ് എ​ മിസ്റ്ററി’ എന്ന തലക്കെട്ടിലാണ് ലിനിയെ കുറിച്ചുളള​ ലേഖനം ‘ഇക്കണോമിസ്റ്റ് ‘പ്രസിദ്ധീകരിച്ചിട്ടുളളത്.

ഏറെ കഷ്ടപ്പെട്ടും ലോണെടുത്ത് പഠിച്ചുമാണ് മരിച്ച ലിനി നഴ്സിങ് എന്ന തൊഴില്‍ തിരഞ്ഞെടുത്തത്. സഹജീവികളോടുള്ള സ്‌നേഹം മാത്രമായിരുന്നു ഈ തൊഴില്‍ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ലിനിയുടെ ബന്ധുക്കള്‍ പറയുന്നു. ജനറല്‍ നഴ്സിങ്ങും ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിൽ നിന്ന് ബിഎസ്‌സി നഴ്‌സിങ്ങും ലിനി പൂര്‍ത്തിയാക്കിയിരുന്നു.

പേരാമ്പ്രയിൽ ആരോഗ്യവകുപ്പിൽ​ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയായിരുന്നു ലിനി. അതിനിടയിലാണ് നിപ്പ വൈറസ് ബാധ ബാധിച്ച രോഗി ആ ആശുപത്രിയിയിൽ എത്തുന്നതും രോഗിയെ തന്റെ കർമ്മമേഖലയിലെ എല്ലാ നൈതികതകളും പാലിച്ച് ലിനി പരിപാലിക്കുകയും ചെയ്തത്. എന്നാൽ കരുണയില്ലാതെ രോഗം ലിനിയെയും ബാധിച്ചു. പിഞ്ചുകുഞ്ഞുങ്ങളിൽ നിന്നുളള​ തന്റെ വേർപാട് തിരിച്ചറിഞ്ഞ ലിനി ഭർത്താവ് സജീഷിന് എഴുതിയ വികാരനിർഭരമായ കത്ത് മലയാളി സമൂഹത്തിൽ ഏറെ ചലനങ്ങളുളവാക്കിയിരുന്നു. ആ കത്ത് ഉൾപ്പടെയാണ് ‘ഇക്കണോമിസ്റ്റ്’ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലിനിയുടെ ഭര്‍ത്താവ് സജീഷ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ലിനിയുടെ മരണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് സജീഷ് നാട്ടിലെത്തി. അഞ്ചുവയസുകാരന്‍ റിഥുലും രണ്ട് വയസുകാരന്‍ സിദ്ധാര്‍ത്ഥുമാണ് മക്കള്‍.

ലണ്ടിനിലെ വെസ്റ്റ് മിനിസ്റ്ററിൽ നിന്നുമാണ് ‘ദി ഇക്കണോമിസ്റ്റ്’ പ്രസിദ്ധീകരിക്കുന്നത്. 1843 ൽ​പ്രസിദ്ധീകരണമാരംഭിച്ച ഇക്കണോമിസ്റ്റ് 175 വർഷം പൂർത്തിയാക്കുന്ന വർഷമാണിത്.  ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന ഇക്കണോമിസ്റ്റിന് പ്രതിവാരം ശരാശരി പതിനഞ്ച് ലക്ഷത്തോളം കോപ്പികളാണ് വിൽക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.