കോഴിക്കോട്: തില്ലങ്കേരി സ്വദേശി റോജ മരിച്ചത് നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. നിപ്പ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച റോജ മരിച്ചതോടെ വലിയ ആശങ്ക ഉടലെടുത്തിരുന്നു. ഇതോടെ വീണ്ടും സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

റോജയുടെ മരണ കാരണം നിപ്പ അല്ലെന്ന് വ്യക്തമായതോടെ വലിയ ആശങ്കയാണ് ഒഴിവായത്. അതേസമയം, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നു. നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം. നിപ്പ സംശയിച്ച് ആറു പേരെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നിപ്പയുടെ ഉറവിടം പഴം തീനി വവ്വാലുകളാണോ എന്ന് ഇന്നറിയാന്‍ സാധിക്കും.

അതേസമയം, നിപ്പ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടേയും മലപ്പുറം സ്വദേശിയുടേയും സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രോഗം വിട്ടുമാറിയതായി ഉറപ്പിക്കാറായിട്ടില്ലെങ്കിലും വൈറസിന്റെ അളവില്‍ കുറവുണ്ടെന്ന് വ്യക്തമായി. ഇതും ആരോഗ്യ വകുപ്പിനും ജനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ്.

നേരത്തെ ജില്ലയിലെ തിരക്കുള്ള കോടതികള്‍ ആറാം തീയതി വരെ നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. നിപ്പ ബാധയുടെ സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്‌ക്കണമെന്ന് കലക്ടര്‍ ഹൈക്കോടതിയോട് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിർദേശം.

നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ