കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കുറ്റ്യാടി നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതിനിടെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റൊരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. നിലവിൽ വിവിധ ജില്ലകളിലായി 26 പേർ നിരീക്ഷണത്തിലാണ്.

അതേസമയം, നിപ്പ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രാണികളെ ഭക്ഷിക്കുന്ന ഇനം വവ്വാലുകളിൽ നിപ്പ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച വവ്വാലുകളുടെ രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമീപ പ്രദേശത്തുനിന്നുളള പശു, ആട്, പന്നി എന്നിവയുടെ സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല.

പഴംതീനി വവ്വാലുകളിലാണ് നിപ്പ വൈറസ് മുൻപു കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ഈ വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് മൃഗസംരക്ഷണ വകുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ