പേരാമ്പ്ര: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങരോത്ത് സ്വദേശി മൂസ ആണ് മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ഇതിനിടെ നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മാവൂര്‍ വൈദ്യതി ശ്‌മശാനത്തിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദഗ്‌ധ സംഘത്തിന്റെ സന്ദര്‍ശനം തുടരും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്ന് മലപ്പുറത്തെത്തുമെന്ന് അറിയിച്ചെങ്കിലും ഇത് മാറ്റിവച്ചു. ചികിത്സാ പ്രോട്ടോക്കോൾ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നൽകിയത്. പുണെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

11 മരണമുൾപ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചികിത്സ പ്രോട്ടോക്കോളിന് രൂപം നൽകുന്നത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നൽകുക. പ്രോട്ടോക്കോൾ നിലവിൽ വരുന്നതോടെ നിപ്പ വൈറസ് അസുഖത്തിന്റെ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോക്കോൾ ഉണ്ടാകും.

മലേഷ്യയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച റിബ വൈറിൻ ഗുളികകൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പുണെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘo ഇന്ന് കോഴിക്കോട്ടെത്തും. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്. നിപ്പ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാംപിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ