/indian-express-malayalam/media/media_files/uploads/2018/05/nurses-IMG_20180522_140809389-1.jpg)
പേരാമ്പ്ര: നിപ്പ വൈറസ് ബാധ ആദ്യം കണ്ടെത്തിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് നാട്ടുകാര്‍ വിവേചനം കാണിക്കുന്നതായി പരാതി. ബസിലും ഓട്ടോയിലും കയറാന്‍ നഴ്സുമാര്‍ക്ക് വിലക്കുളളതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ബസിലും ഓട്ടോയിലും കയറാന്‍ അനുവദിക്കുന്നില്ലെന്ന് നഴ്സുമാരാണ് പരാതിപ്പെട്ടത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആശുപത്രി സൂപ്രണ്ട് കൈമാറി. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ ഇവിടെയായിരുന്നു ചികിത്സിച്ചിരുന്നത്. സാബിത്തിനെ ചികിത്സിച്ച നഴ്സ് ലിനിയും മരിച്ചതോടെ ആശുപത്രിയിലേക്കുളള രോഗികളുടെ വരവ് നിലച്ചു. കഴിഞ്ഞയാഴ്‌ച നൂറോളം രോഗികളുണ്ടായിരുന്ന ആശുപത്രി ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത മൂന്ന് പേരും ഇപ്പോള്‍ ജോലിക്ക് വരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയിലും രോഗികളുടേയും ജീവനക്കാരുടേയും എണ്ണം കുറവാണ്.
സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദഗ്‌ധ സംഘത്തിന്റെ സന്ദര്‍ശനം തുടരും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘവും ഇന്ന് മലപ്പുറത്തെത്തും. ചികിത്സാ പ്രോട്ടോക്കോൾ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നൽകിയത്. പുണെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.
10 മരണമുൾപ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചികിത്സ പ്രോട്ടോക്കോളിന് രൂപം നൽകുന്നത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നൽകുക. പ്രോട്ടോക്കോൾ നിലവിൽ വരുന്നതോടെ നിപ്പ വൈറസ് അസുഖത്തിന്റെ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോക്കോൾ ഉണ്ടാകും.
മലേഷ്യയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച റിബ വൈറിൻ ഗുളികകൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പുണെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘo ഇന്ന് കോഴിക്കോട്ടെത്തും. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്. നിപ്പ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാംപിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.