ലിനി, ആ പേരിന്ന് മലയാളികള്‍ക്ക് മാലാഖയുടെ പേരാണ്. നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച് സ്വന്തം ജീവന്‍ ത്യജിച്ച മാലഖയുടേത്. നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയ്ക്ക് ആദരാഞ്ജലികള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
തന്റെ ജീവന് വില കല്‍പ്പിക്കാതെ നഴ്‌സിന്റെ കര്‍മ്മം ചെയ്ത ലിനിയുടെ അവസാന വാക്കുകളും സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുകയാണ്. തന്റെ ഭര്‍ത്താവിന് അവസാനമായി ലിനിയെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ലോകത്തോട് വിട പറഞ്ഞ് ലിനി യാത്രയാകുമ്പോള്‍ ബാക്കിയായ ആ കുറിപ്പു ഹൃദയത്തോട് ചേര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…
with lots of love..’
എന്നായിരുന്നു ലിനി തന്റെ ഭര്‍ത്താവ് സജീഷിന് എഴുതിയ കുറിപ്പിലെ വാക്കുകള്‍. ലിനിയുടെ ഭര്‍ത്താവ് സജീഷ് വിദേശത്താണ്. അഞ്ചുവയസുകാരന്‍ റിഥുലും രണ്ട് വയസുകാരന്‍ സിദ്ധാര്‍ത്ഥുമാണ് മക്കള്‍.
ഏറെ കഷ്ടപ്പെട്ടും ലോണെടുത്ത് പഠിച്ചുമാണ് ഇന്ന് രാവിലെ മരിച്ച ലിനി നഴ്സിംഗ് എന്ന തൊഴില്‍ തെരഞ്ഞെടുത്തത്. സഹജീവികളോടുള്ള സ്നേഹം മാത്രമായിരുന്നു ഈ തൊഴില്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് ലിനിയുടെ ബന്ധുക്കള്‍ പറയുന്നു. ജനറല്‍ നഴ്സിംഗും ബംഗലൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിന്ന് ബി.എസ്.സി നഴ്‌സിംഗും ലിനി പൂര്‍ത്തിയാക്കിയിരുന്നു.
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.
