/indian-express-malayalam/media/media_files/uploads/2021/09/Nipah.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപയുടെ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കണമെന്ന് മന്ത്രി പറഞ്ഞു. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുക.
നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. 2018 ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 18 പേര്‍ക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു.
2019ല്‍ എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ല്‍ സെപ്റ്റംബറില്‍ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരന്‍ മരണമടഞ്ഞിരുന്നു.
നിപ ബാധിത പ്രദേശത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ജാഗ്രത ശക്തമാക്കും.
വവ്വാലുകളുടെ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
Also Read: ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.