പാലക്കാട്: നിപ വൈറസ് കണ്ടെത്തിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാവുമെന്നും ശൈലജ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തതെന്നും പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമാണ് പാലക്കാട് നിപ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിർദ്ദേശം നല്‍കിയിരുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണം. അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ നിർദ്ദേശത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മേഖയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 16 പേര്‍ മരിച്ചു. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.