കൊച്ചി: നിപയെ അതിജീവിച്ച് 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോയ യുവാവിനെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരില്‍ കണ്ടു. ഇന്ന് രാവിലെയാണ് യുവാവ് ആശുപത്രി വിട്ടത്. ഇക്കാര്യം മന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. നിപയെ അതിജീവിച്ച യുവാവിനെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
“വളരെയേറെ ആശങ്കകള്‍ നിറഞ്ഞ നാളുകള്‍ക്ക് ഇതോടെ വിരാമമാകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കി. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാല്‍ വളരെവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിനായി. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത്യാസന്നനിലയില്‍ ആവുകയും മരണം വരിക്കുകയും ചെയ്യുക എന്ന അസാധാരണമായ അനുഭവമാണ് നിപയിലെങ്കിലും അതിനെ സധൈര്യം നേരിടാനാന്‍ ആരോഗ്യ വകുപ്പിനായി.
നിപ സംബന്ധിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രാഥമിക സ്ഥിരീകരണം വന്നതോടെ അന്തിമഫലത്തിന് കാത്തുനില്‍ക്കാതെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍ദേശം നല്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ യോഗങ്ങള്‍ വിളിച്ചുകൂട്ടി ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം നടത്തി. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളുടെ യോഗവും കൂടി. കോഴിക്കോട് കഴിഞ്ഞ വര്‍ഷം നിപ ബാധയെത്തുടര്‍ന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് നിരവധി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ വിപുലമായ ലിസ്റ്റ് തയ്യാറാക്കുകയും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എറണാകുളം ജില്ലാ കളക്ടര്‍, ജില്ലാ ഭരണകൂടം എന്നിവര്‍ വലിയ ഇടപെടലുകളാണ് നടത്തിയത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുമ്പത്തെ അനുഭവപാഠവുമായി വ്യക്തമായ പ്ലാനൊരുക്കി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. അതിലൂടെ ആരേയും മരണത്തിന് വിട്ടു കൊടുക്കാതെ നിപയെ തുടക്കത്തില്‍ തന്നെ ചെറുക്കാനായി. ഇതാകട്ടെ കേരളത്തിന്റെ വലിയ വിജയവും.”
രാവിലെ എട്ടു മുതല്‍ ആശുപത്രിയില്‍ യുവാവിന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു ആരോഗ്യവകുപ്പ് മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മേയ് 30 നാണ് 23 വയസുള്ള എന്‍ജീനീയറിങ് വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ നാലിനാണ് യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്.
ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്‍ഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികില്‍സ നല്‍കാനായത് രോഗബാധ തടയുന്നതിന് സഹായകമായി. നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രത്തില്‍ നിന്നടക്കം വിദഗ്ധ സംഘം എറണാകുളത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമായിട്ടും ആരോഗ്യ വകുപ്പ് നീരീക്ഷണം തുടര്‍ന്നിരുന്നു” മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.