കോഴിക്കോട്: നിപ വൈറസ് പിടിപെട്ടു മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് ഈ സാമ്പിളുകൾ പരിശോധിച്ചത്.
ഇതുവരെ 88 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ടു പേരുടെ സാമ്പിള്‍ പൂണെ എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചതായി മന്ത്രി പറഞ്ഞു.
ഇന്നു രാവിലെ അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതില്‍ നാല് എണ്ണം പൂണെയിലും ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. പ്രസ്തുത പ്രദേശത്ത് അസ്വാഭാവികമായ പനിയോ മരണങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേയില്‍ നിന്ന് അറിയാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.