scorecardresearch

നിപ്പ വൈറസ്; കോഴിക്കോട് പ്രവര്‍ത്തിക്കാന്‍ അനുമതി ചോദിച്ച് ഡോക്ടര്‍ കഫീല്‍ ഖാന്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നു മുഖ്യമന്ത്രി

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നു മുഖ്യമന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിപ്പ വൈറസ് ബാധ; കഫീൽ ഖാനെ അവസാന നിമിഷം വിലക്കി; കേരളത്തിലേക്ക് വരില്ല

കൊച്ചി: കോഴിക്കോട് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍. കോഴിക്കോട്ടെ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളും തന്നെ അലോസരപ്പെടുത്തുകയും തന്റെ ഉറക്കം നഷ്ടപ്പെട്ടതായും കഫീല്‍ ഖാന്‍ പറയുന്നു.

Advertisment

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടായി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഖോരക്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടറായിരുന്നു കഫീല്‍ ഖാന്‍. കഴിഞ്ഞ ദിവസം ഇദ്ദേഹം കേരള സന്ദര്‍ശനം നടത്തിയിരുന്നു.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നഴ്‌സ് ലിനി പ്രചോദനമാണെന്നും നാടിന്റെ നന്മയ്ക്കായി തന്റെ ജീവന്‍ ത്യാഗം ചെയ്യാന്‍ വരെ താന്‍ തയ്യാറാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

Advertisment

''ഫജര്‍ നമസ്‌കാര ശേഷം ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍മീഡിയയിലെ കിംവദനന്തികളും ആശങ്കയുണ്ടാക്കുന്നു,'' കഫീല്‍ ഖാന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കഫീല്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി കഫീല്‍ഖാന് മറുപടി നല്‍കിയത്.

'നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്റെ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്‌നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്,'' പിണറായി വിജയന്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാന്‍ നിരവധി കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ആര്‍.ഡി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍.

തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് സിലിണ്ടര്‍ കടത്തിയെന്നായിരുന്നു അന്വേഷണ സംഘം കഫീല്‍ ഖാനെതിരെ കണ്ടെത്തിയ കുറ്റം. 2017 ആഗസ്റ്റിലാണ് കഫീല്‍ ഖാന്‍ അറസ്റ്റിലാവുന്നത്. തുടര്ന്ന് അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല.

Kozhikode Medical College Khafeel Khan Nipah Virus Pinnarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: