scorecardresearch
Latest News

വവ്വാൽ ഭീകരജീവിയല്ല; നിപ വൈറസും വവ്വാലും, അറിയേണ്ടതെല്ലാം

നീപ വൈറസ് ബാധയുടെ പേരിൽ വാവ്വലുകൾ ആക്രമിക്കപ്പെടുകയാണ്. എന്നാൽ യഥാർത്ഥത്തിൽ​ അവ പരോപകാരികളാണ് അപകടകാരികളല്ലെന്ന് ഗവേഷകർ. കിണറിലെ വവ്വാലുകൾ നീപ വൈറസ് വാഹകരല്ലെന്നും അവർ വ്യക്തമാക്കുന്നു വവ്വാലുകളെ കുറിച്ചും വൈറസ് വാഹകരെ കുറിച്ചും അറിയേണ്ടവ

വവ്വാൽ ഭീകരജീവിയല്ല; നിപ വൈറസും വവ്വാലും, അറിയേണ്ടതെല്ലാം
Kerala Nipah Virus Bats Transmission

കോഴിക്കോട് : നാട്ടിൽ എങ്ങാണ്ട്​ ഒരിടത്ത്​ ഒരു പേപ്പട്ടി രണ്ട്​ പേരെ കടിച്ചുവെന്ന്​ കേട്ടാൽ നാട്ടിലുള്ള തെരവ്​പട്ടികളെ മുഴുവൻ അടിച്ച്​കൊല്ലുന്നവരാണ്​ നമ്മൾ. ഇപ്പോൾ നിപ വൈറസ് ബാധയെ തുടർന്ന്​ ജീവന്​ ഭീഷണി നേരിടുന്നവരുടെ പട്ടികയി​ലേയ്ക്ക് മനുഷ്യൻ മാത്രമല്ല, ​ വവ്വാലുകളും തള്ളപെട്ടിരിക്കുകയാണ്​. വവ്വാലുകളാണ്​ നിപ വൈറസ്​ വാഹകരെന്ന്​ വാർത്ത വന്നതോടെ വവ്വാലിനെ ഒരു ഭീകര ജീവിയായാണ് ജനങ്ങൾ കാണുന്നത്​. അമ്മട്ടിലുള്ള വിവരങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ഇത്തരത്തിലുള്ള തെറ്റിദ്ധാരണജനകമായ പ്രചാരണം അപകടമാവും ചെയ്യുക. അത്​ ജൈവവ്യവസ്ഥയ്ക്കക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഗവേഷകർ പറയുന്നു. പ്രചരിപ്പിക്കുന്നതു പോലെ അപകടകാരിയല്ല, മറിച്ച് ഉപകാരി കൂടിയാണ് വവ്വാൽ എന്നാണ് അവർ വ്യക്തമാക്കുന്നത്.

വസ്​തുതകളും ശാസ്​ത്രീയ അറിവും മനസിലാക്കാതെ പ്രവർത്തിച്ചാൽ വിപരീതഫലമാവും സമൂഹത്തിൽ ഉണ്ടാവുക. അസത്യ വാർത്തകളിൽ കുടുങ്ങരുതെന്ന്​ മുന്നറിയിപ്പ്​ നൽകിയ സർക്കാർ സംവിധാനം തന്നെ അതിന്​ വളംവെച്ച്​ കൊടുത്ത സംഭവമാണ്​ ​തിങ്കളാഴ്​ച കോഴിക്കോട്​ പേരാ​മ്പ്രറയിൽ അരങ്ങേറിയത്​. നിപ വൈറസ്​ ബാധിച്ച്​ മരണം റിപ്പോർട്ട്​ ചെയ്​ത പന്തരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടിലെ കിണറിൽ നിന്ന്​ വവ്വാലിനെ പിടികൂടി പരി​ശോധനയ്ക്ക് ​ അയച്ചു. നിപ വൈറസിനെ കുറിച്ച്​ അറിയുന്ന ആരോഗ്യ പ്രവർത്തകർക്കും ഗവേഷകർക്കും ഒരുപോലെ അറിയേണ്ട വസ്​തുതയാണ്​ വൈറസ്​ വാഹകർ ഫലവർഗ്ഗങ്ങൾ മാത്രം കഴിക്കുന്ന വവ്വാലുകൾ ആണെന്നത്​. ഇതാക​ട്ടെ മരചില്ലകളും മറ്റുമാണ്​ വാസസ്ഥലമാക്കുന്നത്​. അവ കിണറുകളിലെ പൊത്തുകളിൽ അല്ല കഴിയുന്നത്​ എന്നത്​ അധികാരികൾ​ അറിയേണ്ടതാണെന്ന് വവ്വാൽ ഗവേഷകർ പറയുന്നു. ഷഡ്​പദ ഭോജികളായ വവ്വാലുകളാണ്​ കിണറുകളിൽ കഴിയുന്നത്​. ഇതാക​ട്ടെ നിപ വൈറസ്​ വാഹകരല്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. Rhinolophus, Megaderma, Pipistrellus തുടങ്ങിയ ഷഡ്​പദ ഭോജികളായ വവ്വാലുക​ളെയാണ്​ കിണറുകളിൽ കാണുന്നത്​. അതിനാൽ കഴിഞ്ഞ ദിവസത്തെ സർക്കാറി​ന്റെ നടപടികൾ നാട്ടിലും നാട്ടാരിലും പരിഭ്രാന്തി പരത്തുകയാണ് ചെയ്തിട്ടുളളത്. ഇതു വഴി ജനങ്ങൾ കിണറുകൾ തന്നെ കുഴിച്ച്​ മൂടാൻ തുടങ്ങിയാൽ അതിൽ കുറ്റം പറയാൻ കഴിയില്ല.

വവ്വാലുകൾ എന്നത്​ മനുഷ്യർ കൂടി ഉൾപെടുന്ന ജൈവവ്യവസ്ഥയുടെ ഭാഗമാണെന്ന വസ്​തുത അംഗീകരിക്കുകയാണ്​ ആദ്യം വേണ്ടതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. നമ്മുടെ ജൈവവ്യവസ്ഥയുമായി ബന്ധപെട്ട്​ വവ്വാലുകളുടെ ജീവിത ചക്രം വരച്ചു കാട്ടുന്നത് നാട്ടിൽ പ്രചരിക്കുന്ന വിവരങ്ങളൊന്നുമല്ല. 

വലുപ്പത്തിൽ വലുതായ പഴം തീനി വവ്വാലുകൾ അഥവാ കടവാവൽ വലിയ മരങ്ങളിൽ കൂട്ടത്തോടെ തൂങ്ങി കിടക്കുന്നതിനാൽ അവയെയാണ്​ മനുഷ്യർക്ക്​ കൂടുതൽ പരിചയവും. എന്നാൽ ചെറിയ പഴവർഗം ഭക്ഷിക്കുന്ന മറ്റ്​ ചെറിയ വവ്വാലുകൾ ചില മരങ്ങളുടെ ഇലകളുടെ മറവിൽ ഒളിച്ച്​ ജീവിക്കാനാണ്​ ഏറെ ഇഷ്​ടപെടുന്നത്​.

ഇന്ത്യയിൽ കാണപെടുന്ന 119 വർഗത്തിൽപെട്ട വവ്വാലുകളിൽ 34 തരമാണ്​ കേരളത്തിലുള്ളത്​. എന്നാൽ കേരളത്തിൽ ആകെ എത്ര വവ്വാലുകൾ ഉണ്ടെന്നതി​ന്റെ കണക്ക്​ സർക്കാറി​ന്റെയോ ഗവേഷകരു​ടെയോ പക്കലില്ല. തൃശൂർ കാർഷിക സർവകലാശാലയ്ക്ക്​ കീഴിലെ വന്യജീവി പഠന കേന്ദ്രം തൃശൂരിലും നാല്​ വർഷത്തോളം മുൻപ്​ ട്രാവൻകൂർ നാച്ച്വർ ഹിസ്​റ്ററി സൊസൈറ്റി തിരുവനന്തപുരം നഗരത്തിലും നടത്തിയ പഠനങ്ങൾ മാത്രമാണ്​ ഇത് സംബന്ധിച്ചിട്ടുളളത്. പക്ഷേ 20 വർഷത്തിന്​ ഇപ്പുറം കേരളത്തിൽ വവ്വാലുകളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവാണ്​ സംഭവിച്ചത്​ എന്നതിൽ ഗവേഷകർക്ക് സംശയമില്ല. വലിയ മരങ്ങൾ, കാവുകൾ, വെളിമ്പ്രദേശത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവ പോയതോടെ വവ്വാലുകളുടെ വാസസ്ഥാനങ്ങളും ഇല്ലാതായി.

പേരാമ്പ്രയിലെ നഴ്സുമാരോട് ‘തൊട്ടുകൂടായ്മ’; ഓട്ടോയിലും ബസിലും കയറ്റുന്നില്ലെന്ന് പരാതി

പഴ വവ്വാലുകൾ പ്രധാനമായും രണ്ട്​ ജൈവ കർത്തവ്യമാണ്​ നിർവഹിക്കുന്നത്​. ഫലവൃക്ഷങ്ങളുടെ വിത്ത്​ വിതരണം. മാങ്ങ, ചാമ്പ, പേരക്ക എന്നിവ കടിച്ചെടുത്ത്​ ദൂരെ പോയി വിത്ത്​ കളയുന്നത്​ വഴി വലിയ വൃക്ഷങ്ങളുടെ വ്യാപനവും വളർച്ചയും സാധ്യമാക്കുന്നു. ചില മരങ്ങളുടെ പരാഗണം വവ്വാലുകളുടെ ജീവിതക്രമവുമായി​ നേരിട്ട്​ ബന്ധപെട്ടാണ്​ നിലനിൽക്കുന്നത്​ എന്ന്​ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന്​ കേരളത്തിൽ വവ്വാലുകളെ കുറിച്ചുള്ള ഗവേഷകർ പറഞ്ഞു. സന്ധ്യ മയങ്ങു​മ്പോൾ സജീവമാകുന്ന വവ്വാലുകളെ പോലെ ചില വൃക്ഷങ്ങളിലെ പൂവുകൾ ആ സമയത്ത്​ മാത്രമാണ്​ വിരിയുന്നത്​. ആ പൂവുകളിൽ തേൻകുടിക്കുന്ന വവ്വാലുകൾ പരാഗണം നടത്തിയാൽ മാത്രമേ കായ്​ ഉണ്ടാവുകയുള്ളൂ.

ഷഡ്​പദങ്ങളെയും പ്രാണികളെയും ഭക്ഷിക്കുന്ന ഷഡ്​പദഭോജികളായ വവ്വാലുകൾ പല വർഗത്തിൽപെട്ട ദശലക്ഷ കണക്കിന്​ കീടങ്ങളെയും പുഴുക്കളെയുമാണ്​ ഒറ്റ രാത്രിയിൽ​ തിന്ന്​ തീർക്കുന്നത്​. മനുഷ്യന്​ അതിന്റെ ശരീര ഭാരത്തിന്​ തുല്യമായ ഭക്ഷണം അകത്താക്കാൻ കഴിയില്ലെന്നിരിക്കെ വവ്വാലുകൾക്ക് അത്​ സാധിക്കുമെന്നതാണ്​ പ്രത്യേകതയെന്നും ഗവേഷകർ പറയുന്നു. പത്ത്​ ഗ്രാം ഭാരമുള്ള വവ്വാലിന്​ 10 മുതൽ 25 ഗ്രാം വരെയുള്ള കീടങ്ങളെ ഭക്ഷിക്കാൻ സാധിക്കും. കൊതുക്​, ഈച്ച തുടങ്ങിയ ജീവികൾ അടക്കമാണിത്​. ഇത്തരത്തിൽ നെൽകൃഷിയെ ബാധിക്കുന്ന വണ്ടുകൾ ഉൾപെടെ മനുഷ്യ​ന്റെ ജീവിതത്തി​ന്റെ മുന്നോട്ട്​ പോക്കിന്​ തടസം സൃഷ്​ടിക്കുന്ന നിരവധി ജീവികളെയാണ്​ രാത്രിയുടെ നിശബ്​ദതയിൽ വവ്വാലുകൾ അവസാനിപ്പിക്കുന്നത്​.

വവ്വാലുകളെ ഒരു ഭീകര ജീവിയാക്കി കൊന്നൊടുക്കുകയല്ല വേണ്ടത്​. അതേസമയം വവ്വാലുകൾ കൂട്ടത്തോടെ കഴിയുന്ന വാസസ്ഥലത്ത്​ നിന്ന്​ അവയെ ഒഴിപ്പിക്കുകയോ കൊല്ലാനായി പിടിക്കാനോ ശ്രമിക്കുന്നതും വിപരീത ഫലം ചെയ്യുമെന്നും ഗവേഷകർ മുന്നറിയിപ്പ്​ നൽകുന്നു. അവയെ പിടിക്കാനായും കൊല്ലാനുമായി ആവാസസ്ഥലത്ത്​ ഉണ്ടാക്കുന്ന അതിക്രമങ്ങൾ ഈ ജീവികളിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം പൊതുസമൂഹത്തിൽ ചിലപ്പോൾ അപകടകരമായ രീതിയിൽ​ പ്രതിഫലിച്ചേയ്ക്കാം.

നിപ്പ വൈറസ്‌ ; പേടിപ്പിക്കുന്നത് വവ്വാലുകളും, വാട്‌സാപ്പ് മെസേജുകളും

വവ്വാലുക​ളുടെ ശരീരത്തിൽ നിന്ന്​ 60 ൽപരം വൈറസുകളെ ഗവേഷകർ വേർതിരിച്ച്​ എടുത്തിട്ടുണ്ടെങ്കിലും ചില പ്രത്യേക സമയത്താണ്​ അവ​ മനുഷ്യർക്കും മറ്റ്​ ജീവജാലങ്ങൾക്കും ഹാനികരമായ രീതിയിൽ ശക്​തിപ്രാപിക്കുന്നത്​. എന്നാൽ ഇതിന്​ പരിഹാരം വവ്വാലുകളുടെ കശാപ്പല്ല എന്നതിൽ ശാസ്​ത്രലോകത്തിന്​ സംശയമില്ല. വവ്വാലുകളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ നേരിട്ട്​ പകരില്ലെന്നിരിക്കെ ആരോഗ്യ വകുപ്പ്​ നിർദ്ദേശിച്ച മുൻകരുതൽ സ്വീകരിക്കുകയാണ്​ മാർഗം. 

നിപ വൈറസ്​ ബാധ മനുഷ്യരിൽ തിരിച്ചറിഞ്ഞുവെങ്കിലും വവ്വാലുകളിൽ നിന്നാണ്​ അത്​ പടർന്നത്​ എന്നതിന്​ ഇനിയും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടില്ല. വവ്വാലിന്​ പിന്നാലെ മാ​ത്രം നടക്കാതെ മറ്റ്​ മൃഗങ്ങളിൽ നിന്നാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റൊരു കാര്യം, വവ്വാലുകളുടെ ഇറച്ചി കഴിക്കുന്ന ശീലം കേരളത്തിൽ വിവിധ ഭാഗങ്ങളിലുണ്ടെന്നതും നിപയുടെ ഭീതിയിൽ ആരും പറയുന്നില്ല. തിരിച്ച്​ കടിക്കാത്ത എന്തിനെയും തിന്നാം എന്ന മിഥ്യാ ബോധത്തിൽ നിന്ന്​ നമ്മൾ പുറത്ത്​ കടക്കേണ്ട സമയമായും ഈ അവസരം വിനിയോഗിക്കണം​.

വവ്വാലുകളെ കുറിച്ച്​ പറയു​മ്പോൾ തന്നെ ദേശാടന പക്ഷികൾ വരുന്ന ദേശം കൂടിയായ കേരളത്തിനും കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിൽ നിന്ന്​ മാറി ഒഴിയാനാവില്ലെന്നും ഓർക്കണം. ചൂട്​ കൂടുന്നതും മലീനീകരണം വർധിക്കുന്നതും ആവാസ വ്യവസ്ഥകളുടെ നാശവും ഒ​ക്കെ ജീവജാലങ്ങളുടെ ജീവിത ഘടനയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച്​ കുടി പരിഗണിച്ചു വേണം കൊല്ലാൻ തീയിടുന്നതും വാളെടുക്കുന്നതും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nipah virus deaths bats are not dangerous should not be culled say experts