കൊച്ചി: നിപ വൈറസ് ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. എന്നാൽ, മൂത്രത്തിൽ വൈറസുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൂനെ വൈറോളജി ലാബിലെ ഫലംകൂടി വരണം. രോഗം പൂര്‍ണമായി മാറുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള ചികിത്സ തുടരും.
നിലവിൽ ആകെ 327 പേരാണ് നിരീക്ഷണത്തിലുള്ളത്. 52 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കൽ കോളജിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് രോഗിയിൽ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തു.
Read More: ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴു പേര്‍ക്കും നിപയില്ല, നിരീക്ഷണം തുടരും
സ്വകാര്യ ആശുപത്രികൾ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നാല് ടീമുകൾ 63 ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികിത്സക്കും ശ്രദ്ധ നൽകി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയാണ് ആരോഗ്യവകുപ്പ്.
വിദ്യാർത്ഥികൾക്കിടയിൽ ബോധനത്ക്കരണത്തിനായി പ്രത്യേക വീഡിയോ ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്. നിപയെ അതിജീവിച്ചു എന്നത് വലിയ ആശ്വാസമാണെന്നും ഉറവിടം കണ്ടെത്താനുള്ള പരിശോധന വിദഗ്ദർ തുടങ്ങിയതായും ആരോഗ്യ മന്ത്രി ശൈലജ അറിയിച്ചു. മറ്റൊരാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.