Latest News

നിപ: എട്ടാമത്തെ വ്യക്തിയുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ആരോഗ്യമന്ത്രി ഇന്ന് ഡൽഹിയിൽ

കോഴിക്കോട് റീജിയണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ.കെ.ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും

nipah virus, ie malayalam

കൊച്ചി: നിപ രോഗ ബാധ സംശയിക്കുന്ന എട്ടാമത്തെ വ്യക്തിയുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയ രോഗിയുടെ പരിശോധനാ ഫലമാണ് ലഭിക്കാനുള്ളത് എന്നാണ് സൂചന. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു.

അതേസമയം, നിപ വൈറസ് ബാധയുടെ വിശദവിവരങ്ങൾ അറിയിക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡൽഹിയിൽ എത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവർധനുമായി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

കോഴിക്കോട് റീജിയണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ.കെ.ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോ​ഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും കെ.കെ.ശൈലജ പറഞ്ഞു. നിപയുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലെത്തേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

Read More: നിപ: കേരളത്തിൽ നിന്നുള്ള 6 സാമ്പിളുകളും നെഗറ്റീവ് എന്ന് പരിശോധനാ ഫലം

മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി സ്ഥിഗതികൾ വിലയിരുത്തി. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

നിപ വൈറസ‌് ബാധയുടെ ഭാഗമായി ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് നാടിനാകെ ആശ്വാസം പകരുന്ന വാർത്തയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴുള്ള ജാഗ്രതാപൂർണമായ നടപടികൾ നമ്മൾ അവസാനിപ്പിക്കുന്നില്ല. എല്ലാം തുടരുകതന്നെ ചെയ്യും. ചിലർകൂടി നിരീക്ഷണത്തിലുണ്ട്. ഈ വർഷം നിപ വൈറസ് ഒരാളെ ബാധിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ അനുഭവം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ മുൻകരുതലും പ്രതിരോധവും സൃഷ്ടിക്കുന്നതിന‌് ഗുണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻകരുതലുകൾ കുറച്ചുകാലം കൂടി ഉണ്ടാകും. എന്നാൽ മാത്രമേ പൂർണമായും മുക്തമായെന്ന് പറയാൻ കഴിയൂ. ഇതോടൊപ്പം ഈ രോഗത്തിന് കാരണക്കാരായി കാണുന്നത് പഴംതീനികളായ വവ്വാലുകളെയാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനയിൽ ഇത് നമ്മൾ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട‌് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വവ്വാലുകൾ ഏത് ഘട്ടത്തിലാണ് ഇതിന്റെ വാഹകരാകുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

ദേശീയ തലത്തിലും പരിശോധന നടത്താൻ കഴിയും. അതുമായെല്ലാം ബന്ധപ്പെട്ട‌് യോഗം വിളിച്ചുചേർത്ത‌് വേണ്ട പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നാം ആവശ്യപ്പെടേണ്ടതുണ്ട‌്. വിവിധ വകുപ്പുകൾ ഇതിനായി ഏകോപിപ്പിക്കും. സന്നദ്ധസേവന തൽപരരായ ആളുകൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും സഹകരണം നമുക്ക‌് ആവശ്യമുണ്ട‌്. ഈ ഘട്ടത്തിൽ നാം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിപ ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജാഗ്രത പുലർത്തുകയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah virus awaiting test results of 8th person

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express