കോഴിക്കോട്: നിപ്പ വൈറസ് രോഗം സംബന്ധിച്ച് സമൂഹം ഒന്നടങ്കം പേടിക്കേണ്ട സാഹചര്യമില്ലെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. പ്രതിരോധ നടപടികൾ കൈക്കൊണ്ടതായും രോഗലക്ഷണമുളളവരുമായി നേരിട്ടുളള സമ്പർക്കം പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്നും ശൈലജ നിർദ്ദേശിച്ചു.

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചങ്ങരോത്തും പരിസര പ്രദേശങ്ങളിലുമായി മൂന്ന് ക്യാമ്പുകൾ ആരോഗ്യവകുപ്പ് തുറന്നു. ഇതിന് പുറമെ ഹെൽപ് ഡെസ്‌കുകൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. ആശാ വർക്കർമാരുടെ സഹായത്തോടെ വീടുകൾ തോറും നേരിട്ടെത്തി നിപ്പ വൈറസ് എന്താണെന്നും എങ്ങിനെയാണ് ഇവ മനുഷ്യരിലേക്ക് കടക്കുന്നതെന്നും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ നിപ്പ വൈറസ് ബാധിച്ച് മൂന്നു മരണങ്ങളേ സ്ഥിരീകരിച്ചിട്ടുളളൂ. ആറ് പേരുടെ മരണം സംബന്ധിച്ച് പരിശോധനയ്ക്ക് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം ചികിത്സയിലുളള ഒരാളുടെ ശരീരത്തിൽ നിപ്പ വൈറസ് ഉളളതായി സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയിലുളള മറ്റ് ഏഴ് പേരുടെ കാര്യത്തിൽ നിപ്പ വൈറസ് ബാധ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ രക്തസാമ്പിളുകൾ മണിപ്പാലിലേക്ക് അയച്ചുകൊടുത്ത് ഫലം കാത്തിരിക്കുകയാണ്.

നിപ്പ വൈറസ് ബാധയാണെന്ന് സംശയം തോന്നുന്ന എല്ലാ രോഗികളുടെയും രക്തസാമ്പിളുകളും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് ഈ കാര്യങ്ങൾ മന്ത്രി വ്യക്തമാക്കിയത്.

അതേസമയം നിപ്പ വൈറസ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിൽ നിന്നാണ് പടർന്നതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിൽ നിന്നാണെന്നാണ് സ്ഥിരീകരണം. ഈ വീട്ടിലെ മൂന്നു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ കുടുംബാംഗമായ മൂസയാണ് ഇപ്പോൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുളളത്. ഇവരെ പരിചരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സ് ലിനിയാണ് നിപ്പ വൈറസ് ബാധിച്ച് മരിച്ച നാലാമത്തെയാൾ.

ഈ വീട്ടിലെ കിണർ ഈയടുത്ത് ശുചിയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. കിണറിനകത്ത് വവ്വാലുകൾ ഉളളതായി കണ്ടെത്തി. നിപ്പ വൈറസ് ബാധയുടെ ഉറവിടം ഈ കിണറാണോയെന്ന സംശയം ഉണ്ട്. അതേസമയം പറമ്പിൽ വവ്വാലുകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വവ്വാൽ കടിച്ച പഴങ്ങൾ പറമ്പിൽ നിന്ന് ശേഖരിച്ചു. ഇവ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുളള സംഘം സ്ഥിരീകരിച്ച് പരിശോധനയ്ക്ക് അയച്ചു.

ഇവിടുത്തെ കിണറ്റിൽ നിന്ന് വവ്വാലുകൾക്ക് പുറത്തുകടക്കാൻ സാധിക്കാത്ത വിധത്തിൽ ഇത് മൂടി. കിണർ മൂടിയിരിക്കുകയാണ്. ഡോക്ടർ അരുൺ കുമാർ നൽകിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സുരക്ഷ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇവിടുത്തെ വവ്വാലുകളെ പിടികൂടി നിപ്പ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താനുളള ശ്രമങ്ങളാണ് നടക്കുന്നത്.

അതേസമയം നിപ്പ വൈറസ് ബാധ സംശയമുളളതിനാലാണ് നഴ്സ് ലിനിയുടെ മൃതദേഹം സംസ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ലെന്നും അതേേസമയം മുൻകരുതലെന്ന നിലയിൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിപ്പ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് വളരെ പെട്ടെന്ന് എല്ലാ നടപടികളും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നിപ്പ വൈറസ് വായുവിലൂടെ വളരെ ദൂരം സഞ്ചരിക്കില്ലെന്നും, എന്നാൽ നിപ്പ വൈറസ് ബാധയുളള രോഗിയുമായുളള നേരിട്ടുളള ഇടപെടലിലാണ് രോഗം പകരുകയെന്നും മന്ത്രി പറഞ്ഞു.

സമൂഹം വളരെയേറെ പേടിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പനി ബാധയുളള രോഗിയുമായി നേരിട്ടുളള സമ്പർക്കം പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ല കളക്ടറുടെ നേതൃത്വത്തിൽ നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ നേരിടാൻ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. ഒരു റിസർവ് ടീമിനെയും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കളക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും പങ്കെടുത്ത സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചു ചേർത്തെന്നും മന്ത്രി പറഞ്ഞു.

നിപ്പ വൈറസ് രോഗികളെ പരിചരിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇതിനായി ആവശ്യമാകുന്ന ചിലവിന്റെ കാര്യം പിന്നീട് സർക്കാർ തന്നെ ഏറ്റെടുക്കാമെന്നും വാക്കുനൽകിയതായി മന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രണ്ട് പുതിയ വെന്റിലേറ്ററുകളും എത്തിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡ് പൂർണ്ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.