കോഴിക്കോട്: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ഡോക്ടർമാർക്ക് വിദഗ്‌ധ പരിശീലനം നൽകാൻ തീരുമാനിച്ചു. ന്യൂഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലാണ് മെയ് 28 മുതൽ മൂന്ന് ദിവസം പരിശീലനം നൽകുക.
നിപ്പ പോലെ വളരെ ഗുരുതരമായ രോഗ ബാധകൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. അനസ്‍തേഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും ഇതിനായി ന്യൂഡൽഹിയിലേക്ക് പോകും.
ഇവർ അഞ്ച് പേരും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. തിരികെയെത്തിയ ശേഷം ഇവർ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് പരിശീലനം നൽകുമെന്നാണ് വിവരം. തീവ്ര പരിചരണ വിഭാഗം കൈകാര്യം ചെയ്യുന്ന വിധം, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, സുരക്ഷ മാനദണ്ഡങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിലായിരിക്കും പരിശീലനം. സംസ്ഥാന സർക്കാരാണ് ഇതിന്റെ ചിലവ് വഹിക്കുന്നത്.
സംസ്ഥാനം ഒട്ടാകെ ഇത്തരം ഘട്ടങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനുളള ശ്രമമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. നേരത്തെ എബോള വൈറസ് ലോകമാകെ ഭീതി ഉയർത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്നുളള ഡോക്ടർമാർക്ക് എയിംസിലും മറ്റുമായി വിദഗ്‌ധ പരിശീലനം നൽകിയിരുന്നു.