കോഴിക്കോട്: പനി ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി എബിൻ (22) ആണ് ഇന്ന് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതേസമയം ഇയാൾ നിപ്പ വൈറസ് ബാധിച്ചാണോ മരിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ഇതുവരെ 77 പേരുടെ രക്തം നിപ്പ ബാധയെന്ന സംശയത്തെ തുടർന്ന് പരിശോധിച്ചിരുന്നു. ഇതിൽ 62 പേർക്കും നിപ്പ ബാധ ഏറ്റിരുന്നില്ല. മരിച്ചവരുടെയും രോഗബാധിതരുടെയും ബന്ധുക്കളും, ആശുപത്രി ജീവനക്കാരും ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരുമടക്കം 170 ലേറെ പേർ നിരീക്ഷണത്തിലുണ്ട്.

ഇവരിലാർക്കെങ്കിലും അടുത്ത അഞ്ച് ദിവസത്തിനുളളിൽ വൈറസ് ബാധയേൽക്കുമോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണം. അത്തരത്തിൽ രോഗബാധ ഏറ്റില്ലെങ്കിൽ വരുന്ന ജൂൺ അഞ്ചോടെ നിപ്പ വൈറസിന്റെ ഭീതി സംസ്ഥാനം വിട്ടതായി കരുതാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

അതേസമയം, നിപ്പ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രാണികളെ ഭക്ഷിക്കുന്ന ഇനം വവ്വാലുകളിൽ നിപ്പ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച വവ്വാലുകളുടെ രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമീപ പ്രദേശത്തുനിന്നുളള പശു, ആട്, പന്നി എന്നിവയുടെ സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല.

പഴംതീനി വവ്വാലുകളിലാണ് നിപ്പ വൈറസ് മുൻപു കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ഈ വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് മൃഗസംരക്ഷണ വകുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ