/indian-express-malayalam/media/media_files/uploads/2018/05/nipah-1.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ഇന്നലെ രണ്ട് പേർ മരിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശി മധുസൂദനൻ (55) വൈകിട്ട് മരിച്ചതിന് ശേഷം മുക്കം കാരശ്ശേരി സ്വദേശി അഖിൽ (27) ആണ് രാത്രി വൈകി മരിച്ചത്. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 16 ആയി.
ആദ്യം മരിച്ച പേരാമ്പ്ര സ്വദേശി സാബിത്തടക്കമുളളവരുടെ കണക്കാണിത്. ഇന്നലെ മരിച്ച മധുസൂധനനും അഖിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി രോഗികളെ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് കരുതുന്നത്.
ഇന്നലെ മറ്റൊരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 18 ആയി ഉയർന്നു. ഇവരിൽ 16 പേരും മരിച്ചു. അതേസമയം രോഗികളുമായും, മരിച്ചവരുമായും അടുത്ത ബന്ധത്തിലുളള നിരവധി പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കൊൽക്കത്തയിൽ ഒരു മലയാളി സൈനികൻ മരിച്ചത് നിപ്പ വൈറസ് ബാധ മൂലമാണോയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഫോര്‍ട്ട് വില്യമിൽ സേവനമനുഷ്ഠിച്ചിരുന്ന ജവാൻ സീനു പ്രസാദാണ് ഞായറാഴ്‌ച മരിച്ചത്. മൃതദേഹം തിങ്കളാഴ്‌ച സംസ്കരിച്ചു.
ശരീര സ്രവങ്ങൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ വൈറസ് ബാധയാണെന്ന സംശയത്തെ തുടർന്ന് കൊൽക്കത്തയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.