കോഴിക്കോട്:  നിപ്പ വൈറസ് ബാധയെ തുടർന്ന് പിഎസ്‌സി, കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.  വരുന്ന വ്യാഴാഴ്ചവരെയുളള​ പരീക്ഷകൾ മാറ്റിവയ്ക്കാനാണ് നിർദേശം. പിഎസ്‌സി ശനിയാഴ്ച നടത്താനിരുന്ന സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേയ്ക്കുളള പരീക്ഷ മാറ്റിവച്ചു. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന  കാലിക്കറ്റ് സർവകലാശാലയുടെ പിജി പ്രവേശന പരീക്ഷകളും മാറ്റിവച്ചു. പിഎസ്‌സി, സർവകലാശാല പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മുഴുവൻ പൊതുപരിപാടികളും നിർത്തിവയ്‌ക്കാൻ നിർദേശം. മെയ് 31 വരെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ, ഉദ്ഘാടനങ്ങൾ, ജാഗ്രത പരിപാടികൾ എന്നിവ നിർത്തിവയ്‌ക്കാനാണ് കലക്ടർ യു.വി.ജോസ് നിർദേശം നൽകിയത്. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിലക്ക്. ട്യൂഷൻ, ട്രെയിനിങ് ക്ലാസുകൾക്കും അംഗനവാടികൾക്കും വിലക്ക് ബാധകമാണ്.

നിപ്പ വൈറസ് ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിതരുടെ എണ്ണം 14 ആയി. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർത്ഥിക്കാണ് നിപ്പ സ്ഥിരീകരിച്ചത്.

അതിനിടെ, നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു തുടങ്ങി. മലേഷ്യയില്‍ നിന്നുമെത്തിച്ച ഗുളികകളാണ് നൽകി തുടങ്ങിയത്. ഈ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നുമെത്തിച്ചിട്ടുണ്ട്. നാലായിരം ഗുളികകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.